വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത; ഹർജി പിൻവലിക്കും

ചെന്നൈ: വിവാഹമോചന ഹർജി പിൻവലിക്കാൻ തീരുമാനിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം. ചെങ്കൽപ്പേട്ട് കുടുംബ കോടതിയിൽ ഓൺലൈനായി ഹാജരായ സംഗീത ഇക്കാര്യം കോടതിയെ അറിയിച്ചു. ഇന്ന് ചെങ്കൽപ്പേട്ട് കുടുംബ കോടതി ജഡ്‌‌ജി സുജാതയ്ക്ക് മുൻപാകെയാണ് സംഗീത തീരുമാനം അറിയിച്ചത്.

ഇന്നുരാവിലെയാണ് ഹർജി പരിഗണിച്ചത്. ഈ സമയം വിജയ് നിയമസഭയിലായിരുന്നതിനാലും തിരക്കായതിനാലും അടുത്ത മാസത്തേയ്ക്ക് ഹർജി പരിഗണിക്കണമെന്ന് വിജയ്‌യുടെ അഭിഭാഷകൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇന്നുതന്നെ കേസ് പരിഗണിക്കണമെന്ന് സംഗീത ആവശ്യപ്പെട്ടു. തുടർന്ന് ഉച്ചയ്ക്ക് പരിഗണിച്ചപ്പോഴാണ് വിവാഹമോചന ഹർജിയിൽ നിന്ന് പിൻമാറുന്നതായി സംഗീത അറിയിച്ചത്. തുടർന്ന് കോടതി ഹർജി തീർപ്പാക്കിയെന്നാണ് വിവരം.

കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമാലോകത്തെ വലിയ ചർച്ചാവിഷയമാണ് വിജയ്‌യുടെ വിവാഹമോചന വാർത്തകൾ. ഒരു നടിയുമായി വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതെന്നാണ് റിപ്പോർട്ടുകൾ.വിജയ്‌യും സംഗീതയും വീണ്ടും ഒന്നിച്ചെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഇടപെട്ടാണ് ഇരുവരേയും വീണ്ടും ഒന്നിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.

ലണ്ടനിലായിരുന്ന സംഗീത ചെന്നൈയിലേക്ക് മടങ്ങിയെന്നും ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. 1999 ഓഗസ്റ്റ് 25നായിരുന്നു വിജയ്‌യുടെയും സംഗീതയുടെയും വിവാഹം. ജെയ്സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button