കെ.എം. ബഷീർ കേസ്: വിചാരണക്കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് ഭാര്യ ജസീല

കൊച്ചി: സിറാജ് ദിനപത്രത്തിന്റെ മുൻ ബ്യൂറോ ചീഫ് കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിചാരണക്കോടതി മാറ്റിയ നടപടിക്കെതിരെ ഭാര്യ ജസീല ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

വിചാരണക്കോടതി മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്റെ താൽപര്യപ്രകാരമാണെന്നാണ് ഹർജിയിലെ ആരോപണം. ഇതോടെ കേസിൽ നീതിപൂർവമായ വിചാരണ നടക്കുമോയെന്ന ആശങ്കയുണ്ടെന്നും ജസീല ചൂണ്ടിക്കാട്ടുന്നു.

മുമ്പ് കേസ് പരിഗണിച്ചിരുന്ന സെഷൻസ് കോടതി ഒന്നിലേക്കുതന്നെ കേസ് തിരിച്ചുമാറ്റണമെന്നും നിലവിലെ പ്രോസിക്യൂട്ടർക്ക് ആവശ്യമായ പരിചയസമ്പത്തില്ലാത്തതിനാൽ അദ്ദേഹത്തെ മാറ്റി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി. മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

2019 ഓഗസ്റ്റ് 3-ന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാർ ഇടിച്ച് കെ.എം. ബഷീർ മരിച്ചത്.

അതിനിടെ, ബഷീറിന്റെ വാഹനത്തിൽ ഇടിച്ച കാർ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് നാട്ടുകാർ പറഞ്ഞറിഞ്ഞതായി സിറാജ് ഡയറക്ടർ സൈഫുദീൻ ഹാജി കോടതിയിൽ മൊഴി നൽകി. അപകടവിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയതായും പൊലീസിന് പ്രാഥമിക മൊഴി നൽകിയതും താനാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button