ചിറയിൻകീഴ് കയ്യാങ്കളി വിവാദം: രമ്യ ഹരിദാസ് സണ്ണി ജോസഫിനെ കാണുന്നു; ഇന്ദിരാ ഭവനിൽ നിർണായക കൂടിക്കാഴ്ച

തിരുവനന്തപുരം: ചിറയിൻകീഴിലെ വിവാദ സംഭവങ്ങളെ തുടർന്ന് കെ.പി.സി.സി. അധ്യക്ഷനെ കാണാൻ രമ്യ ഹരിദാസ് എം.എൽ.എ ഇന്ദിരാ ഭവനിലെത്തി. കെ.പി.സി.സി ആസ്ഥാനത്ത് വെച്ച് സണ്ണി ജോസഫുമായി അവർ കൂടിക്കാഴ്ച നടത്തുകയാണ്. ചിറയിൻകീഴ് കയ്യാങ്കളി വിഷയത്തിൽ കെ.പി.സി.സി നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് ഈ നിർണായക കൂടിക്കാഴ്ച. അന്വേഷണ സമിതിയുടെ കണ്ടെത്തലുകളും ശുപാർശകളും അധ്യക്ഷന് കൈമാറിയിട്ടുണ്ട്. വിഷയത്തിലുള്ള തുടർനടപടികൾ കെ.പി.സി.സി. അധ്യക്ഷൻ പിന്നീട് ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കും.
ചിറയിൻകീഴിലെ സംഘർഷ സംഭവങ്ങളിൽ രമ്യ ഹരിദാസ് എം.എൽ.എയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി എം.എം ഹസൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി ഭാരവാഹി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രമ്യയുടെ ഭാഗത്തുനിന്നുണ്ടായ നടപടികൾ ഒട്ടും ഉചിതമായില്ലെന്ന് യോഗത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കളും കടുത്ത വിമർശനം ഉന്നയിച്ചു.
ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഉണ്ടായതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പാർട്ടിയിൽ ആരും രമ്യയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രമ്യ ഹരിദാസിനെതിരെ കർശന നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.



