“കുട്ടിക്കാലം മുതലുള്ള എന്റെ ക്രഷ് സൂര്യ”; വിശ്വനാഥ് ആൻഡ് സൺസ് പ്രൊമോഷനിൽ മനസ് തുറന്ന് മമിത ബൈജു

ചെന്നൈ: നടൻ സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ റിലീസിനൊരുങ്ങുന്നതിനിടെ, ചിത്രത്തിലെ നായിക മമിത ബൈജുവിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലം മുതൽ സൂര്യ തന്റെ ക്രഷായിരുന്നുവെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കാനായത് ജീവിതത്തിലെ വലിയ സന്തോഷമാണെന്നും മമിത പറഞ്ഞു.

ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു മമിതയുടെ പ്രതികരണം. “ഒരുപാട് പെൺകുട്ടികളുടെ സ്വപ്നത്തിലാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്. കുട്ടിക്കാലം മുതൽ എന്റെ ക്രഷാണ് സൂര്യ സാർ. ‘ഗജിനി’ കണ്ടപ്പോൾ തുടങ്ങിയ ആരാധനയാണ് അത്. മുമ്പ് ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ അവസരം ലഭിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഇപ്പോൾ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനായതിൽ വലിയ സന്തോഷമുണ്ട്,” മമിത പറഞ്ഞു.

സൂര്യയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അച്ചടക്കം, ഒരു രംഗത്തെ സമീപിക്കുന്ന രീതി, ഓൺ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമുള്ള പെരുമാറ്റം എന്നിവയെല്ലാം എനിക്ക് വലിയ പ്രചോദനമാണ്,” മമിത വ്യക്തമാക്കി.

ഓഗസ്റ്റ് 14ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

ജി. വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ‘പട്ടാമ്പൂച്ചി’ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. റിലീസിന് മുമ്പ് തന്നെ ഏകദേശം 300 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിയ ചിത്രം, സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പ്രീ-റിലീസ് ബിസിനസ് എന്ന നേട്ടവും സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഒരു ഫാമിലി എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button