‘അപ്പയുടെ വിജയം ചരിത്രം സൃഷ്ടിച്ചു’; ‘ഞങ്ങൾ ഒരേ വേവ് ലെങ്ത്തിൽ’ എന്ന് ജേസൺ സഞ്ജയ്

തമിഴകത്ത് സമീപകാലത്തായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരമാണ് വിജയ്. രാഷ്ട്രീയ പ്രവേശനവും, ജനനായകൻ വിവാദങ്ങളും, കരൂർ ദുരന്തവും, വിവാഹമോചന വാർത്തകളും മുഖ്യമന്ത്രി പദത്തിലേക്കുള്ള യാത്രയുമടക്കം വിജയ് എന്ന വ്യക്തിയും സിനിമാതാരവും രാഷ്ട്രീയനേതാവും എന്നും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.
അദ്ദേഹത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു മക്കളായ ജേസൺ സഞ്ജയ്യും ദിവ്യയും എന്ത് നിലപാടാണ് എടുക്കാൻ പോകുന്നതെന്ന്. മക്കൾ ഇരുവരും വിജയ്യുമായി ആകാനാണ് കഴിയുന്നതെന്നും അമ്മ സംഗീതയുടെ കൂടെയാണ് ഇരുവരുമെന്ന തരത്തിലുള്ള നിരവധി റിപ്പോർട്ടുകളാണ് തമിഴ് മാധ്യമങ്ങൾ പുറത്ത്വിട്ടിരുന്നത്. എന്നാൽ അത്തരം അഭ്യൂഹങ്ങളുടെയെല്ലാം മുനയൊടിച്ചിരിക്കുകയാണ് മകൻ ജേസൺ സഞ്ജയ്. തന്റെ പുതിയ അഭിമുഖത്തിലാണ് അച്ഛൻ വിജയ്യുമായുള്ള ബന്ധത്തെ കുറിച്ച് ജേസൺ സഞ്ജയ് വാചാലനായത്.
വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായത് ചരിത്രപരമായൊരു വിപ്ലവമാണ് എന്നാണ് ജേസൺ സഞ്ജയ് വിശേഷിപ്പിച്ചത്. തനിക്കും അനിയത്തിയ്ക്കും തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാവര്ക്കും ഇതൊരു വലിയ ഉത്തരവാദിത്തവും ലെഗസിയുമാണെന്നും, സ്വന്തമായൊരു ഐഡന്റിറ്റിയുണ്ടാക്കണമെന്നാണ് അച്ഛൻ നൽകിയ ഉപദേശമെന്നും ജേസൺ സഞ്ജയ് കൂട്ടിച്ചേർത്തു. സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന സിഗ്മ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ജേസൺ സഞ്ജയുടെ പ്രതികരണം.
“കുട്ടിക്കാലം മുതൽ ഒരുപാട് സെറ്റുകളിൽ പോകുമായിരുന്നു. അതൊരു പ്രിവിലേജും എക്സ്പ്ലോഷറുമായിരുന്നു. ബാക്കിയുള്ളവർ സിനിമയെ ഒരു എന്റർടെയ്ൻമെന്റ് മാത്രമായി കാണുമ്പോൾ എനിക്ക് സിനിമയുടെ മേക്കിങ് ജീവിതത്തിന്റെ ഭാഗമായി തോന്നി. സിനിമയെ ഹോബിയായി കണ്ടു തുടങ്ങിയത് അവിടം മുതലാണ്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ചരിത്രപരമായൊരു വിപ്ലവമാണ്. ഇത് എനിക്കും അനിയത്തിയ്ക്കും ഞങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാവര്ക്കും ഇതൊരു വലിയ ഉത്തരവാദിത്തവും ലെഗസിയുമാണ്. അതിനെ സംരക്ഷിക്കുകയും മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യണം. അതുകൊണ്ട് തന്നെ ഞാന്‍ സ്വയം കരുതലോടെയും ജാഗ്രതയോടേയും ഇരിക്കണം. അതാണ് ഇപ്പോഴത്തെ സാഹചര്യം.” ജേസൺ സഞ്ജയ് പറയുന്നു.
“അദ്ദേഹം എനിക്ക് നല്കിയ ഉപദേശം വളരെ നല്ലാതായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് സ്വന്തമായൊരു ഐഡന്റിറ്റിയുണ്ടാക്കണമെന്നും സ്വയം രൂപപ്പെടുത്തണം എന്നുമാണ്. അതായിരുന്നു എന്റേയും ആഗ്രഹം. ഞങ്ങള്‍ രണ്ടു പേരും ഒരേ വേവ് ലെങ്ത് ആണ്. അതിനാല്‍ പരസ്പരം മനസിലാക്കാനായി. എന്ത് സഹായം വേണമെങ്കിലും നിനക്ക് ചോദിക്കാം. പക്ഷെ നീയായിട്ട് വന്ന് ചോദിക്കണം. അല്ലാതെ ഞാനായിട്ട് വന്ന് ചെയ്ത് തരില്ലെന്നും അദ്ദേഹം പറഞ്ഞു. അനുഭവങ്ങളിലൂടെ ഞാന്‍ സ്വയം പഠിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തോടും അമ്മയോടും കുടുംബത്തോടും കടപ്പെട്ടിരിക്കുന്നു.” ജേസൺ സഞ്ജയ് കൂട്ടിച്ചേർത്തു.



