‘വിവാഹം ഒരു സ്റ്റാറ്റസ് മാത്രമല്ല’; വേർപിരിയലിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് ഗൗരി കൃഷ്ണൻ

തിരുവനന്തപുരം: വിവാഹജീവിതത്തിലെ പ്രതിസന്ധികളെയും വേർപിരിയലിലേക്ക് നയിച്ച സാഹചര്യങ്ങളെയും കുറിച്ച് മനസ് തുറന്ന് നടി ഗൗരി കൃഷ്ണൻ. പരസ്പര സ്നേഹവും ഒരുമിച്ച് ചെലവഴിക്കുന്ന സമയവും താൻ ആഗ്രഹിച്ചിരുന്നെങ്കിലും അത് ലഭിക്കാതെ വന്നപ്പോഴാണ് ആ ബന്ധം തുടരുന്നതിൽ അർഥമില്ലെന്ന് തിരിച്ചറിഞ്ഞതെന്ന് താരം പറഞ്ഞു. വ്യക്തിജീവിതത്തിലെ പ്രതിസന്ധികൾ കാരണം രണ്ടര വർഷത്തോളം വിഷാദരോഗത്തിലൂടെ കടന്നുപോയെന്നും ഗൗരി വെളിപ്പെടുത്തി.
മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗൗരിയുടെ പ്രതികരണം.
മുൻ ഭർത്താവിനെതിരെ വ്യക്തിപരമായ പരാതികളൊന്നുമില്ലെന്നും അദ്ദേഹം നല്ല മനുഷ്യനാണെന്നും ഗൗരി പറഞ്ഞു. എന്നാൽ ഇരുവരുടെയും ജീവിത കാഴ്ചപ്പാടുകളും മുൻഗണനകളും വ്യത്യസ്തമായിരുന്നുവെന്നാണ് താരം വ്യക്തമാക്കിയത്.
“ഒരു കുടുംബം കെട്ടിപ്പടുക്കണമെന്ന വലിയ ആഗ്രഹത്തോടെയാണ് ഞാൻ വിവാഹം കഴിച്ചത്. ആരുടെയും നിർബന്ധത്തിലല്ല, എന്റെ സ്വന്തം തീരുമാനപ്രകാരമായിരുന്നു വിവാഹം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഒരുമിച്ച് ജീവിതം ആസ്വദിക്കാനുമായിരുന്നു എന്റെ ആഗ്രഹം. എന്നാൽ അതൊന്നും യാഥാർഥ്യമായില്ല,” ഗൗരി പറഞ്ഞു.
മുൻ ഭർത്താവ് കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നുവെന്നും, താൻ അതിന് നേരെ വിപരീത സ്വഭാവക്കാരിയായിരുന്നുവെന്നും ഗൗരി പറഞ്ഞു. മാസത്തിൽ രണ്ടോ മൂന്നോ തവണ ഒരുമിച്ച് സമയം ചെലവഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പോലും താൻ സന്തോഷവതിയായേനെയെന്നും, എന്നാൽ അതുപോലും സാധിച്ചില്ലെന്നും താരം കൂട്ടിച്ചേർത്തു.
“വിവാഹം കഴിഞ്ഞെന്ന ഒരു സ്റ്റാറ്റസോ ലേബലോ മാത്രം ജീവിതത്തിൽ മതിയാകില്ല. ആ വ്യക്തിയുടെ സാന്നിധ്യവും ഒരുമിച്ചുള്ള ജീവിതവുമാണ് എനിക്ക് പ്രധാനമായിരുന്നത്,” എന്നാണ് ഗൗരി അഭിമുഖത്തിൽ പറഞ്ഞത്.
വ്യക്തിജീവിതത്തിലെ ഈ അനുഭവങ്ങൾ തന്നെ മാനസികമായി ഏറെ ബാധിച്ചെന്നും, വിഷാദരോഗത്തിന്റെ കാലഘട്ടം അതിജീവിക്കാൻ ഏറെ പരിശ്രമിക്കേണ്ടിവന്നെന്നും ഗൗരി കൃഷ്ണൻ അഭിമുഖത്തിൽ തുറന്നുപറഞ്ഞു.



