അച്ഛന്റെ മൃതദേഹം വീട്ടിലെത്തിച്ച മണിക്കൂറുകൾക്കകം മകനും മരിച്ചു; ബാലരാമപുരത്ത് നൊമ്പരമായി ഇരട്ടമരണം

തിരുവനന്തപുരം: അച്ഛൻ മരിച്ച് മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ മകനും കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ബാലരാമപുരം നൊമ്പരത്തിൽ. ഐത്തിയൂർ തുണ്ടുവിളാകത്ത് വീട്ടിൽ ഗോപി നാടാർ (83), മകൻ ശെൽവരാജ് (49) എന്നിവരാണ് മരിച്ചത്.
രോഗബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗോപി നാടാർ ബുധനാഴ്ച രാത്രി 10.30ഓടെയാണ് മരിച്ചത്. തുടർന്ന് മൃതദേഹം വീട്ടിലെത്തിച്ച് ഒരു മണിക്കൂറിനുള്ളിൽ മകൻ ശെൽവരാജ് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദ്രോഗബാധിതനായിരുന്ന ശെൽവരാജിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നതായാണ് കുടുംബാംഗങ്ങൾ പറയുന്നത്. എന്നാൽ ഇതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.
അച്ഛന്റെയും മകന്റെയും മരണവാർത്ത പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. തുടർന്ന് ഇരുവരുടെയും സംസ്കാരച്ചടങ്ങുകൾ അരമണിക്കൂർ ഇടവേളയിൽ നടത്തുകയായിരുന്നു. ഒരേ കുടുംബത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ സംഭവിച്ച ഇരട്ടമരണം പ്രദേശവാസികളെയും ബന്ധുക്കളെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.



