‘എന്റെ കയ്യും കാലും വിറച്ചു’; ആരാധകനുമായി ഉണ്ടായ അനുഭവം പങ്കുവെച്ച് കാജൽ അഗർവാൾ

ചെന്നൈ: ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായ കാജൽ അഗർവാൾ, ആരാധകനിൽ നിന്നുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷൂട്ടിംഗ് സെറ്റിൽ നടന്ന സംഭവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.
ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം കാരവാനിൽ വിശ്രമിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് കാജൽ പറഞ്ഞു. സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറായ ഒരാൾ അനുവാദം വാങ്ങാതെ കാരവാനിനുള്ളിൽ പ്രവേശിച്ച ശേഷം ഷർട്ട് ഊരി തന്റെ നെഞ്ചിൽ കാജലിന്റെ പേര് ടാറ്റൂ ചെയ്തിരിക്കുന്നത് കാണിക്കുകയായിരുന്നുവെന്ന് താരം വ്യക്തമാക്കി.
“ആ നിമിഷം ഞാൻ ശരിക്കും ഞെട്ടിപ്പോയി. എന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. എന്റെ പേരിൽ ടാറ്റൂ ചെയ്തതിൽ സന്തോഷമുണ്ട്. പക്ഷേ, ഒരു സ്ത്രീയുടെ അനുവാദമില്ലാതെ സ്വകാര്യ ഇടത്തിലേക്ക് കടന്നുവരുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല,” കാജൽ പറഞ്ഞു.
ആരാധനയ്ക്ക് അതിരുകളുണ്ടെന്നും, എത്ര വലിയ ആരാധകനായാലും ഇത്തരത്തിലുള്ള പെരുമാറ്റം സ്വീകാര്യമല്ലെന്നും താരം വ്യക്തമാക്കി. ഇത്തരത്തിൽ അനുവാദമില്ലാതെ സ്വകാര്യ ഇടത്തിലേക്ക് പ്രവേശിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് മുന്നറിയിപ്പ് നൽകിയ ശേഷമാണ് അദ്ദേഹത്തെ തിരിച്ചയച്ചതെന്നും കാജൽ പറഞ്ഞു.
സിനിമാ ജീവിതത്തിൽ നേരിട്ട വിവിധ അനുഭവങ്ങൾ മുമ്പും അഭിമുഖങ്ങളിലൂടെ കാജൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, മികച്ച കഥാപാത്രങ്ങൾ ലഭിച്ചതിനാലാണ് ഇപ്പോഴും ദക്ഷിണേന്ത്യൻ സിനിമകൾക്ക് മുൻഗണന നൽകുന്നതെന്ന് താരം പറഞ്ഞു. പ്രതിഫലത്തേക്കാൾ ശക്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും കാജൽ അഗർവാൾ കൂട്ടിച്ചേർത്തു.



