ശബരിമല മിൽമ നെയ്യിൽ വൻ ക്രമക്കേട്?; നിലവാരമില്ലാത്ത നെയ്യ് എത്തിച്ചെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിതരണത്തിൽ ആസൂത്രിതമായ ക്രമക്കേടുകൾ നടന്നതായി അന്വേഷണ റിപ്പോർട്ട്. മിൽമയുടെ യഥാർഥ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ ശേഷം നിലവാരമില്ലാത്ത നെയ്യ് ശബരിമലയിലേക്ക് എത്തിച്ചെന്ന ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.

ഒരേസമയം പത്തനംതിട്ടയിൽ യൂണിറ്റ് ഹെഡായും തിരുവനന്തപുരത്ത് പ്രൊഡക്ഷൻ മാനേജറായും പ്രവർത്തിച്ചിരുന്ന ഷൈൻ ജോസഫിനെതിരെയാണ് അന്വേഷണത്തിൽ പ്രധാന കണ്ടെത്തലുകൾ. പത്തനംതിട്ടയിൽ നിന്ന് ഇ-ടെൻഡർ ആവശ്യപ്പെട്ടതും തിരുവനന്തപുരത്തെ ആസ്ഥാനത്ത് നിന്ന് അതിന് ശുപാർശ നൽകിയതും ഇതേ ഉദ്യോഗസ്ഥൻ തന്നെയാണെന്നും, അംഗീകാരം നേടാൻ നടത്തിയ ഇടപെടലുകൾ ദുരൂഹമാണെന്നും ക്ഷീരവകുപ്പ് ഡയറക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇ-ടെൻഡർ നടപടിക്രമം ഒഴിവാക്കി സീൽഡ് ടെൻഡർ കൊണ്ടുവന്നത് ആസൂത്രിത ക്രമക്കേടിന്റെ ഭാഗമാണെന്നും, നെയ്യ് വിതരണവുമായി ബന്ധപ്പെട്ട കരാർ മാർക്കറ്റിംഗ് വിഭാഗത്തെ പൂർണമായും മറികടന്നാണ് തയ്യാറാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം മേഖലാ യൂണിയനും പത്തനംതിട്ട ഭരണസമിതിയും ക്രമക്കേടുകൾക്ക് കൂട്ടുനിന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ പരിശോധനകൾ മറികടക്കാൻ ബാച്ച് നമ്പറുകളിൽ തിരിമറി നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം പത്തനംതിട്ട മിൽമ ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button