സിഎംആർഎൽ–എക്‌സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മൊഴി പുറത്തുവന്നു; പിണറായി വിജയനും വീണയ്ക്കുമെതിരെ ഇഡി റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടി. വിജയനും തിരിച്ചടിയാകുന്ന വിവരങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത നൽകിയ മൊഴിയിൽ ഉള്ളതെന്ന് റിപ്പോർട്ട്. 2024 ഏപ്രിലിൽ ഇഡിക്ക് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് വീണയ്ക്കും അവരുടെ കമ്പനിയായ എക്‌സാലോജിക്കിനും പണം നൽകിയതെന്നാണ് ശശിധരൻ കർത്ത മൊഴിനൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. വീണയോ എക്‌സാലോജിക്കോ സിഎംആർഎല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും അദ്ദേഹം മൊഴിയിൽ വ്യക്തമാക്കിയതായും റിപ്പോർട്ടിലുണ്ട്.

2017 മുതൽ 2020 വരെയുള്ള കാലയളവിൽ ഏകദേശം 2.78 കോടി രൂപ വീണയ്ക്കും എക്‌സാലോജിക്കിനുമായി സിഎംആർഎൽ നൽകിയെന്നാണ് ഇഡി കണ്ടെത്തൽ. സേവനം നൽകാതെയാണ് ഈ തുക കൈപ്പറ്റിയതെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്ന കാര്യം വീണ അന്വേഷണത്തിനിടെ സമ്മതിച്ചിട്ടുണ്ടെന്നും ഇഡി റിപ്പോർട്ടിൽ പരാമർശിക്കുന്നതായി വിവരമുണ്ട്.

മുമ്പ് ചോദ്യം ചെയ്യലിനിടെ സിഎംആർഎല്ലിന് താൻ നേരിട്ട് ബിസിനസ് ഗൈഡൻസ് നൽകിയിരുന്നുവെന്നായിരുന്നു വീണയുടെ വിശദീകരണം. എന്നാൽ ഇത് തെളിയിക്കാൻ ആവശ്യമായ ഇ-മെയിലുകളോ മറ്റ് രേഖകളോ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മാസം അഞ്ച് ലക്ഷം രൂപ വീണയ്ക്കും മൂന്ന് ലക്ഷം രൂപ എക്‌സാലോജിക്കിനും നൽകുന്ന രീതിയിലായിരുന്നു പണമിടപാടുകളെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൂടാതെ, ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് 50 ലക്ഷം രൂപയുടെ വായ്പ നൽകിയതായും മൊഴിയിൽ വ്യക്തമാക്കുന്നു.

2014–15 കാലഘട്ടത്തിൽ നഷ്ടത്തിലായിരുന്ന എക്‌സാലോജിക് കമ്പനിക്ക് 2016-ൽ പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് സിഎംആർഎല്ലുമായി കരാറിൽ ഏർപ്പെടാൻ കഴിഞ്ഞതെന്നും ഇഡി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി സിഎംആർഎല്ലിന്റെ 242 ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്. വീണയുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണ്. എക്‌സാലോജിക് കമ്പനി നിലവിൽ പ്രവർത്തിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button