‘ഇത്രയും ദിവസം എവിടെയായിരുന്നു?’ ചോദ്യങ്ങളുമായി രഞ്ജിനി ഹരിദാസ്!

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണ അറിയിച്ചതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോയ്ക്ക് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. “ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നു?” എന്ന് ചോദിച്ച രഞ്ജിനി, സമാധാനപരമായി പ്രതിഷേധിച്ച കുട്ടികളെ പൊലീസും സുരക്ഷാ സേനയും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും ആരോപിച്ചു.
വിദ്യാർത്ഥികളെ നിശബ്ദരാക്കാൻ ബലപ്രയോഗം നടത്തുന്നതിന് പകരം സർക്കാരിന്റെ ഭാഗത്തുനിന്ന് ചർച്ചയ്ക്കുള്ള ശ്രമമാണ് ഉണ്ടാകേണ്ടിയിരുന്നതെന്നും രഞ്ജിനി കുറിച്ചു. രാജ്യത്തിന്റെ നേതാവെന്ന നിലയിൽ യുവാക്കളുടെ പ്രശ്നങ്ങൾ ഗൗരവത്തോടെ കണ്ട് പ്രധാനമന്ത്രി മുന്നിട്ടിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത ആവർത്തിച്ച് ചോദ്യം ചെയ്യപ്പെടുമ്പോൾ അതിൻ്റെ തലപ്പത്തുള്ള വ്യക്തിയെ നീക്കം ചെയ്തുകൊണ്ട് സമ്പൂർണ്ണമായ അഴിച്ചുപണിയാണ് വേണ്ടതെന്നും, വിദ്യാർത്ഥികളുടെ ശബ്ദം കേട്ട് അവർക്കൊപ്പം നിലകൊള്ളണമെന്നും ആവശ്യപ്പെട്ട രഞ്ജിനിയുടെ കമന്റിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.



