സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇഡി; മുഴുവൻ പണവും കൈമാറി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി പരിശോധനയെ ചൊല്ലിയുള്ള സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന ടാക്‌സിക്ക് നഷ്ടപരിഹാരം നൽകി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)​. തിരുവനന്തപുരം സ്വദേശിയായ ടാക്‌സി ഡ്രൈവർക്കാണ് പണം കൈമാറിയത്. ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്. നേരത്തെ സിപിഎം ഈ നഷ്ടം നൽകുമെന്ന് അറിയിച്ചെങ്കിലും പിന്നീട് പിന്മാറിയിരുന്നു.

എക്സാലോജിക് – സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വസതിയിലുൾപ്പെടെ ഇഡി പരിശോധന നടന്നിരുന്നു. വസതിക്ക് മുന്നിൽ തടിച്ചുകൂടിയ എൽഡിഎഫ് പ്രവർത്തകരിൽ ചിലർ പരിശോധന പൂർത്തിയാക്കി ഇറങ്ങിയ ഇഡിയുടെ വാഹനത്തെ ആക്രമിക്കുകയായിരുന്നു. കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ച് വാഹനങ്ങളുടെ ചില്ലുകൾ തകർത്ത സംഭവത്തിൽ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. കേസിൽ 26 പേരെയാണ് അറസ്റ്റ് ചെയ്തത്.

തങ്ങൾക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് ഇഡി ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു. നേതാക്കളെന്നോ പ്രവർത്തകരെന്നോ വ്യത്യാസമില്ലാതെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുമെന്നാണ് ഇഡി വ്യക്തമാക്കിയിട്ടുള്ളത്. കൊച്ചിയിലെത്തിയ എസ്ഐടി സംഘമാണ് ആക്രമണത്തിനിരയായ ഇഡി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്.

അസിസ്റ്റന്റ് ഡയറക്‌ടർ സനിത് റെഡ്ഡിയടക്കം ഏഴ് പേരുടെ മൊഴിയാണ് എടുത്തത്. ആക്രമണവുമായി ബന്ധപ്പെട്ട് 46 പേരെ തിരിച്ചറിഞ്ഞതിൽ നിന്നാണ് 26 പേരെ ഇതുവരെ അറസ്റ്റ് ചെയ്‌തത്. ഇവരിൽ അധികം പേരും താഴെതട്ടിലുള്ള സിപിഎം പ്രവർത്തകരാണ്. പാർട്ടിയിലെ ഉന്നത നേതാക്കൾ ഉൾപ്പടെ പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നുമാണ് ഇഡി ആരോപിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button