കുളക്കോട് വഴിതർക്കം അടിയന്തരമായി പരിഹരിക്കണം: കോൺഗ്രസ്

മുദാക്കൽ: ചെമ്പൂർ കുളക്കോട് പ്രദേശത്തെ പത്തോളം കുടുംബങ്ങളെ ബാധിക്കുന്ന വഴിതർക്കം അടിയന്തരമായി പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡന്റ് എം. ബാദുഷ ആവശ്യപ്പെട്ടു.
പത്തോളം കുടുംബങ്ങൾ ദീർഘകാലമായി നേരിടുന്ന വഴിതർക്കത്തിൽ പഞ്ചായത്ത് ഭരിക്കുന്ന ബിജെപി ഭരണസമിതിയും ബന്ധപ്പെട്ട വാർഡ് അംഗവും ഫലപ്രദമായ ഇടപെടൽ നടത്തുന്നതിൽ വീഴ്ച വരുത്തിയതായി അദ്ദേഹം ആരോപിച്ചു. പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ച് കുടുംബങ്ങൾക്ക് ആവശ്യമായ നീതിയും സൗകര്യവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിന്റെ ഭാഗമായി എം. ബാദുഷയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രദേശവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. പ്രശ്നത്തിന് സമാധാനപരവും ശാശ്വതവുമായ പരിഹാരം കണ്ടെത്താൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
ബൂത്ത് പ്രസിഡന്റ് ആശ സുരേഷ്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബിനു, കോൺഗ്രസ് നേതാവും ചെമ്പൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ആർ. ഷിബു, സുരേഷ് പാറയടി എന്നിവരും സന്ദർശന സംഘത്തിൽ പങ്കെടുത്തു.



