സിപിഎമ്മിൽ വൻ അഴിച്ചുപണി; പാർട്ടിയെ അടിമുടി പുതുക്കിപ്പണിയുമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎമ്മിൽ സംഘടനാപരമായ വലിയ അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയിൽ ഇനി സമഗ്രമായ മാറ്റങ്ങൾ നടപ്പാക്കുമെന്നും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ വിഷയങ്ങളിൽ വിശദമായ ചർച്ചകൾക്ക് തുടക്കമിടുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് അറിയിച്ചു.

പാർട്ടിയെ അടിമുടി പുതുക്കിപ്പണിയുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയ എം.വി. ഗോവിന്ദൻ, മേൽത്തട്ട് മുതൽ താഴെത്തട്ട് വരെയുള്ള പ്രവർത്തകരുടെ അഭിപ്രായങ്ങൾ ശേഖരിച്ച ശേഷമായിരിക്കും പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുകയെന്ന് പറഞ്ഞു. ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പാർട്ടിയുടെ പ്രവർത്തനശൈലി മെച്ചപ്പെടുത്തുന്നതിനും പ്രത്യേക നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന് കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം പിണറായി വിജയനിൽ മാത്രം കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്നും സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളും സ്ഥാനാർഥി നിർണയത്തിലെ പിഴവുകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇടത് രാഷ്ട്രീയം ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പ്രചാരണം പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു. ഈ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനായി സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോട് വിപുലീകൃത സംസ്ഥാന സമിതി യോഗം ചേരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button