ഇനി മാപ്പില്ല മാനനഷ്ടക്കേസ് ഉറപ്പ്! പി കെ ശ്രീമതി

കണ്ണൂർ: തന്നെക്കുറിച്ച് വ്യാജവാർത്ത നൽകിയവർക്കെതിരെ എന്തായാലും മാനനഷ്ടക്കേസ് നൽകുമെന്നും അത്തരക്കാർക്ക് മാപ്പില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ‌പി കെ ശ്രീമതി. ഒരു എംഎൽഎയുടെ ഭാര്യയെന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്നടക്കമുള്ള വ്യാജവാർത്തകൾക്കെതിരെയാണ് ശ്രീമതിയുടെ പ്രതികരണം.

വാർത്ത നൽകിയ പലരും തന്നെ വിളിച്ചിരുന്നെന്നും കാലിൽ വീണ് മാപ്പുചോദിക്കുന്നതായി അറിയിച്ചെന്നും ശ്രീമതി പറഞ്ഞു. കൂടാതെ, കോൺഗ്രസിലെയും ബിജെപിയിലെയും നേതാക്കൾ വിളിച്ച് പിന്തുണ അറിയിച്ചതായും അവർ വ്യക്തമാക്കി. സൈബർ ഇടങ്ങളിലെ മോശം പോർവിളികൾ അവസാനിപ്പിക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.കോൺ​ഗ്രസ് നേതാവ് പിടി തോമസ് മുൻപ് ചില വ്യാജ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിച്ചിരുന്നതായും അന്ന് രോഗാവസ്ഥയിൽ ആയിരുന്നതിനാലാണ് നിയമ നടപടി സ്വീകരിക്കത്തതെന്നും ശ്രീമതി പറഞ്ഞു. ഇന്നലെ വ്യാജവാർത്തകൾക്കെതിരെ വിതുമ്പി കരഞ്ഞുകൊണ്ടാണ് ശ്രീമതി പ്രതികരിച്ചത്.

പി കെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പറയുമ്പോൾ തീവ്രത എന്ന വാക്ക് താൻ ഉപയോ​ഗിച്ചിട്ടില്ലെന്നും അങ്ങനെയുള്ള വ്യാജപ്രചരണം കാലങ്ങളായി നടക്കുന്നുണ്ടെന്നും ശ്രീമതി പറഞ്ഞു. ഏതോ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്ന ആരോപണം മാനംകെടുത്താനാണെന്നും ശ്രീമതി കൂട്ടിച്ചേർത്തു.’ വ്യാജപെൻഷൻ വാങ്ങിക്കുന്നുവെന്ന തരത്തിലുള്ള വാർത്തയിൽ സൂചിപ്പിക്കുന്ന കൃഷ്ണൻ എന്നയാളെ എനിക്കറിയില്ല.

അങ്ങനെ ഒരാളുടെ ഭാര്യയായിട്ട് പെൻഷൻ വാങ്ങിക്കുകയെന്ന് പറയുമ്പോൾ ഞാൻ പണത്തിന് വേണ്ടി എന്തും ചെയ്യുന്നു എന്നല്ലേ അർത്ഥം. നിങ്ങൾക്കും അമ്മമാരുണ്ടല്ലോ, എത്ര വൃത്തികെട്ട രീതിയിലാണ് പ്രചരണങ്ങൾ നടക്കുന്നത്. വ്യാജവാർത്ത ആരും ചോദ്യംചെയ്തില്ല. എന്റെ ഭർത്താവ് മരിച്ചുപോയി. ഞാനും ഭർത്താവും അദ്ധ്യാപകരായിരുന്നു. ഞാൻ അദ്ധ്യാപികയല്ല എന്നും പ്രചരിപ്പിക്കുന്നവരുണ്ട്.’- ശ്രീമതി പ്രതികരിച്ചു. ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും സ്പീക്കർക്കും മുഖ്യമന്ത്രിക്കും പരാതി കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും ശ്രീമതി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button