ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ ഉത്തരവ് പുറത്ത്; അധികാര ദുർവിനിയോഗം നടത്തിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തതിന്റെ ഉത്തരവ് പുറത്തുവന്നു. അന്വേഷണം അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും അധികാര ദുർവിനിയോഗം നടത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയെന്നുമാണ് സസ്പെൻഷൻ ഉത്തരവിലെ പ്രധാന കണ്ടെത്തൽ.
കേസ് അവസാനിപ്പിക്കുന്ന തരത്തിൽ റഫർ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു മേൽ കടുത്ത സമ്മർദം ചെലുത്തിയതായും ഉത്തരവിൽ പരാമർശിക്കുന്നു. സൂപ്പർവൈസറി ഓഫീസർ എന്ന നിലയിൽ നടത്തുന്ന ഇടപെടലുകൾ നിയമപരവും നീതി ഉറപ്പാക്കുന്നതുമായിരിക്കണമെങ്കിലും അജിത് കുമാറിന്റെ നടപടികൾ നിയമവിരുദ്ധമായിരുന്നുവെന്നും അതിലൂടെ ഇരകൾക്ക് നീതി നിഷേധിക്കപ്പെടുകയും പ്രതികൾക്ക് സംരക്ഷണം ലഭിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
അജിത് കുമാറിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരായ ഗിരീഷ്, ശ്രീകാന്ത് എന്നിവർക്കും അന്വേഷണം അട്ടിമറിക്കാൻ നടത്തിയ ശ്രമത്തിൽ പങ്കുണ്ടെന്ന് സസ്പെൻഷൻ റിപ്പോർട്ടിൽ പറയുന്നു. ഓൾ ഇന്ത്യ സർവീസസ് ചട്ടങ്ങൾ പ്രകാരമാണ് അജിത് കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരായ ഇൻസ്പെക്ടർ കെ.പി. ടോംസൺ, ഡിവൈ.എസ്.പി.മാരായ അരുൺ കെ.എസ്., സുനിൽരാജ് എന്നിവർ എസ്.ഐ.ടിക്ക് നൽകിയ മൊഴികളിലും അജിത് കുമാറിന്റെ ഇടപെടലുകൾ വിശദമായി പരാമർശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ പങ്കുമായി ബന്ധപ്പെട്ട കണ്ടെത്തലുകളിൽ അജിത് കുമാർ അതൃപ്തി പ്രകടിപ്പിച്ചെന്നും അന്വേഷണ ഡയറി പരിശോധിച്ച ശേഷം കേസ് അവസാനിപ്പിക്കാൻ നേരിട്ട് നിർദേശം നൽകിയെന്നും മൊഴികളിൽ വ്യക്തമാക്കുന്നുണ്ട്.



