വേർപിരിയാൻ മനസ്സില്ല; മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ, വീഡിയോ വൈറൽ

ലക്‌നൗ: വിവാഹശേഷം പരസ്പരം വേർപിരിഞ്ഞ് ജീവിക്കേണ്ടി വരുമെന്ന ആശങ്കയെ തുടർന്ന് ഉത്തർപ്രദേശിലെ മൂന്ന് സഹോദരിമാർ ഒരേ യുവാവിനെ വിവാഹം കഴിച്ചതായി അവകാശപ്പെടുന്ന സംഭവം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. അംറോഹ ജില്ലയിലെ ദൗരിയ ഗ്രാമത്തിൽ നിന്നുള്ള ഇൻഫ്ലുവൻസർമാരായ സരോജ് (20), സാവിത്രി (19), സന്തോഷ് (18) എന്നിവരാണ് ക്യാമറാമാനായ വികാസിനെ (20) വിവാഹം കഴിച്ചതായി പറയുന്നത്.

സഹോദരിമാർ പങ്കുവെച്ച വീഡിയോകൾ ചിത്രീകരിച്ചിരുന്നത് വികാസായിരുന്നു. ചില സോഷ്യൽ മീഡിയ വീഡിയോകളിൽ ഇവരുടെ ഭർത്താവായി വികാസ് അഭിനയിച്ചിട്ടുമുണ്ട്. വിവാഹശേഷം വേർപിരിഞ്ഞ് ജീവിക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ് ഒരേ വ്യക്തിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് സരോജ് വീഡിയോയിൽ പറയുന്നു.

‘കുട്ടിക്കാലം മുതൽ ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്. വേർപിരിഞ്ഞ് ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. വിവാഹം ഞങ്ങളെ വേർപിരിക്കുമെന്ന തോന്നൽ ഉണ്ടായപ്പോൾ ജീവനൊടുക്കാൻ പോലും ആലോചിച്ചിരുന്നു. പിന്നീട് ഒരേ പുരുഷനെ വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഞങ്ങൾ പ്രായപൂർത്തിയായവരാണ്. സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാൻ അവകാശമുണ്ട്,’ സരോജ് വീഡിയോയിൽ പറയുന്നു.

ചാമുണ്ഡ മാതാ ക്ഷേത്രത്തിൽ വച്ചാണ് വിവാഹച്ചടങ്ങ് നടന്നതെന്നാണ് ഇവർ പറയുന്നത്. വിവാഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചടങ്ങിൽ യുവതികളുടെയോ യുവാവിന്റെയോ കുടുംബാംഗങ്ങളും ബന്ധുക്കളും പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം.

സഹോദരിമാരുടെ ആത്മബന്ധം മനസ്സിലാക്കിയതിനാലാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് വികാസും പ്രതികരിച്ചു. അതേസമയം, നിലവിലെ ഇന്ത്യൻ വിവാഹനിയമപ്രകാരം ഈ വിവാഹത്തിന് നിയമസാധുതയുണ്ടോ എന്നത് സംബന്ധിച്ച് ചർച്ചകളും ഉയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button