രാഹുൽ ഗാന്ധിക്കെതിരായ കയ്യേറ്റത്തിൽ പ്രതിഷേധം; നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്കെതിരായ കയ്യേറ്റത്തിൽ പ്രതിഷേധിച്ച് നാളെ (ജൂലൈ 23) സംസ്ഥാനവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകൾ ബഹിഷ്കരിച്ച് രാജ്യത്തെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
മുഴുവൻ ക്യാമ്പസുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കാനും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്താനും കെഎസ്യു ആഹ്വാനം ചെയ്തിട്ടുണ്ട്.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്കെതിരെ നടന്നതായി ആരോപിക്കപ്പെടുന്ന കയ്യേറ്റത്തിനെതിരെയാണ് സംസ്ഥാനവ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചതെന്ന് കെഎസ്യു നേതൃത്വം അറിയിച്ചു.



