നീറ്റ് പൂർണമായും റദ്ദാക്കണം; മെഡിക്കൽ വിദ്യാഭ്യാസത്തിൽ സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം വേണമെന്ന് ടിവികെ

ചെന്നൈ: നീറ്റ് (NEET) പരീക്ഷ പൂർണമായും റദ്ദാക്കണമെന്ന ആവശ്യവുമായി തമിഴക വെട്രി കഴകം (ടിവികെ) രംഗത്ത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രം എതിർക്കുന്നതല്ല, മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ഡൽഹിയിൽ നീറ്റിനെതിരായ വിദ്യാർത്ഥി പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് ടിവികെയുടെ നിലപാട്. വിദ്യാഭ്യാസത്തെ പാർലമെന്റിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ അധികാരമുള്ള കൺകറന്റ് ലിസ്റ്റിൽ നിന്ന് മാറ്റണമെന്നും, നിയമപരമായ തടസങ്ങളുണ്ടെങ്കിൽ ഇടക്കാലത്തേക്ക് പ്രത്യേക കൺകറന്റ് ലിസ്റ്റ് (Special Concurrent List) രൂപീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഈ വിഷയത്തിൽ നേരത്തേ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ടിവികെ നേതൃത്വം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷമായ ഡിഎംകെയെ പേര് പറയാതെ ടിവികെ വിമർശിച്ചു. “നീറ്റ് റദ്ദാക്കുമെന്ന വ്യാജ വാഗ്ദാനം നൽകി വോട്ട് നേടുന്ന രാഷ്ട്രീയമാണ് ചിലർ നടത്തുന്നത്. അത്തരം ജനവഞ്ചനാപരമായ രാഷ്ട്രീയം ടിവികെ സ്വീകരിക്കില്ല” എന്നാണ് പാർട്ടിയുടെ പ്രതികരണം.
2021-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരത്തിലെത്തിയാൽ നീറ്റ് റദ്ദാക്കുമെന്ന് ഡിഎംകെ നൽകിയ വാഗ്ദാനത്തെ ലക്ഷ്യമിട്ടുള്ള പരോക്ഷ വിമർശനമായാണ് ടിവികെയുടെ പ്രതികരണം വിലയിരുത്തപ്പെടുന്നത്.



