റാം കേസിൽ പൊലീസിനെതിരെ ഹൈക്കോടതി; അന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. റാമിന് ജാമ്യം ലഭിച്ച സംഭവത്തിൽ പൊലീസിനും സംസ്ഥാന സർക്കാരിനും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അന്വേഷണത്തിൽ ഗുരുതര വീഴ്ചകളാണ് ഉണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി.

പൊലീസ് അതീവ അശ്രദ്ധയോടെയാണ് പ്രവർത്തിച്ചതെന്നും, പ്രതിക്ക് എളുപ്പത്തിൽ പുറത്തിറങ്ങാനും ജാമ്യം ലഭിക്കാനുമുള്ള സാഹചര്യം അന്വേഷണസംഘം തന്നെ സൃഷ്ടിച്ചോയെന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയായ ഡോ. റാമും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.

പ്രതി കീഴടങ്ങാൻ പൊലീസ് കാത്തിരിക്കുകയായിരുന്നുവെന്നും, സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ പോലും പാലിക്കാത്ത രീതിയിലാണ് അന്വേഷണം നടന്നതെന്നും കോടതി വിമർശിച്ചു. ഒരു ഡിവൈഎസ്‌പി നേതൃത്വം നൽകിയ അന്വേഷണത്തിൽ ഇത്തരം ഗുരുതര വീഴ്ചകൾ സംഭവിച്ചത് അംഗീകരിക്കാനാകില്ലെന്നും, ഈ ജോലി ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അർഹതയില്ലെന്നും കോടതി വ്യക്തമാക്കി.

അന്വേഷണസംഘത്തെ മാറ്റിയാൽ മാത്രം സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും, സംസ്ഥാനത്തെ നിയമ-സമാധാന സംവിധാനത്തെക്കുറിച്ച് ഗുരുതര ചോദ്യങ്ങളാണ് ഉയരുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. “പൊലീസ് ആരുടെ കൂടെയാണെന്ന് ജനങ്ങൾക്ക് അറിയാം. സാധാരണക്കാർക്ക് നീതി ഉറപ്പാക്കാനാണ് പൊലീസ് പ്രവർത്തിക്കേണ്ടത്,” എന്നും കോടതി ചൂണ്ടിക്കാട്ടി.

അറസ്റ്റിന്റെ കാരണവും സാഹചര്യവും പ്രതിയുടെ ബന്ധുക്കളെ ഉൾപ്പെടെ അറിയിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശം അന്വേഷണസംഘം പാലിച്ചില്ലെന്നും കോടതി പറഞ്ഞു. അറസ്റ്റ് വിവരം പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കുന്നതിലും കാലതാമസം ഉണ്ടായതായി കോടതി വിലയിരുത്തി. ഈ നടപടിക്രമങ്ങളിലെ വീഴ്ചകളാണ് ഡോ. റാമിന് ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയതെന്നും ഹൈക്കോടതി നിരീക്ഷിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button