വിഎസ് ഉണ്ടായിരുന്നെങ്കിൽ ഒറ്റുകാരെ വെറുതേ വിടില്ലായിരുന്നു; അനുസ്മരണ വേദിയിൽ സജി ചെറിയാൻ

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുകൊടുക്കാൻ ശ്രമിക്കുന്നവരെ ഒരിക്കലും വെറുതേ വിടില്ലായിരുന്നുവെന്ന് സിപിഎം നേതാവും എംഎൽഎയുമായ സജി ചെറിയാൻ. ആലപ്പുഴയിൽ നടന്ന വി.എസിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പാർട്ടിയെ ഒറ്റുകൊടുക്കാൻ നോക്കുന്ന വഞ്ചകരുടെ മുഖത്തുനോക്കി ധിക്കാരത്തോടെ സംസാരിക്കാനുള്ള ആർജവം വി.എസിനുണ്ടായിരുന്നുവെന്നും, ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചുപോകുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.
“ഇന്ന് പാർട്ടിയിലുള്ള നിരവധി നേതാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവന്നതും വളർത്തിയതും വി.എസ്. അച്യുതാനന്ദനാണ്. അദ്ദേഹം വിടപറഞ്ഞ ഒരു വർഷത്തിനിടെ പാർട്ടി വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. അത്തരമൊരു സാഹചര്യത്തിലാണ് നാം അദ്ദേഹത്തിന്റെ ചരമവാർഷികം ആചരിക്കുന്നത്. വി.എസിന്റെ അഭാവം ആലപ്പുഴയിലും കേരളത്തിലുമുള്ള പാർട്ടിക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ പാതയിലൂടെ നാം മുന്നോട്ട് പോകണം. ആലപ്പുഴയുടെ മണ്ണിൽ എന്തെങ്കിലും കുറവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഇരട്ടിശക്തിയോടെ തിരിച്ചുവരും,” അദ്ദേഹം പറഞ്ഞു.
സജി ചെറിയാന്റെ പ്രസംഗം പുറത്തുവന്നതോടെ, അത് സിപിഎം നേതാവ് ജി. സുധാകരനെ ലക്ഷ്യമിട്ടുള്ള ഒളിയമ്പാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചകൾ ഉയർന്നു. എന്നാൽ ഇക്കാര്യത്തിൽ സജി ചെറിയാനോ സിപിഎമ്മോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അതേസമയം, വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം സംസ്ഥാനത്തുടനീളം സിപിഎം വിപുലമായ പരിപാടികളോടെയാണ് ആചരിക്കുന്നത്. പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വി.എസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടന്നു. വൈകുന്നേരം നടക്കുന്ന റാലിയും പൊതുസമ്മേളനവും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുന്നപ്രയിലെ വി.എസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടിൽ അദ്ദേഹത്തിന്റെ അർധകായ പ്രതിമയും അനാച്ഛാദനം ചെയ്തിട്ടുണ്ട്.



