ബിഗ് ബോസിൽ തുടങ്ങിയ പിണക്കം; ശ്വേതാ മേനോനെതിരെ ഗുരുതര ആരോപണവുമായി മായ വിശ്വനാഥ്

കൊച്ചി: നടി ശ്വേതാ മേനോനും അൻസിബ ഹസനും തമ്മിലുള്ള അഭിപ്രായഭിന്നതയുടെ തുടക്കം ‘അമ്മ’ സംഘടനയിലെ സംഭവങ്ങളല്ലെന്നും, ബിഗ് ബോസ് റിയാലിറ്റി ഷോയുടെ കാലം മുതലാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചതെന്നും നടി മായ വിശ്വനാഥ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മായയുടെ പ്രതികരണം.
ബിഗ് ബോസ് വേദിയിൽ അവതാരകനായ മോഹൻലാൽ എത്തിയപ്പോൾ അൻസിബ അദ്ദേഹത്തിന്റെ കാൽതൊട്ട് വണങ്ങിയെങ്കിലും, തൊട്ടടുത്തുണ്ടായിരുന്ന ശ്വേതാ മേനോനെ അതേ രീതിയിൽ അഭിവാദ്യം ചെയ്തില്ലെന്നും, ഇതാണ് ശ്വേതയ്ക്ക് അൻസിബയോടുള്ള വിരോധത്തിന്റെ തുടക്കമായതെന്നുമാണ് മായയുടെ ആരോപണം.
ശ്വേതയുടെ സ്ഥാനത്ത് കവിയൂർ പൊന്നമ്മയോ കെപിഎസി ലളിതയോ പോലുള്ള മുതിർന്ന കലാകാരികളായിരുന്നെങ്കിൽ അൻസിബ തീർച്ചയായും കാൽതൊട്ട് വണങ്ങുമായിരുന്നുവെന്നും, ശ്വേതയുടെ കാൽതൊട്ട് തൊഴേണ്ട സാഹചര്യമോ ബാധ്യതയോ ഉണ്ടായിരുന്നില്ലെന്നും മായ പറഞ്ഞു. ബഹുമാനം നിർബന്ധിച്ച് നേടേണ്ട ഒന്നല്ലെന്നും അവർ കൂട്ടിച്ചേർത്തു.
ബിഗ് ബോസ് ഷോയ്ക്കുള്ളിലും അൻസിബ മുന്നോട്ടുവച്ച നിലപാടുകളെ ശ്വേത എതിർക്കുകയും, മറ്റ് മത്സരാർഥികളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നുവെന്നാണ് മായയുടെ മറ്റൊരു ആരോപണം. ശ്വേത ആരെ പിന്തുണച്ചാലും പിന്നീട് അവരുമായി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും, ‘അമ്മ’ സംഘടനയിലെ പലർക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.
മായ വിശ്വനാഥിന്റെ ആരോപണങ്ങളോട് ശ്വേതാ മേനോനോ അൻസിബ ഹസനോ ഇതുവരെ പൊതുവായ പ്രതികരണം നടത്തിയിട്ടില്ല. അതിനാൽ മായ ഉന്നയിച്ച ആരോപണങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.



