‘അമ്മ’ വിവാദങ്ങൾക്ക് പിന്നാലെ ശ്വേതാ മേനോൻ; പിഴവുകൾ അംഗീകരിച്ച് പുതിയ ഉറപ്പ്

താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന വിവാദങ്ങൾക്കിടെ, അംഗങ്ങളോട് വിശദീകരണവുമായി ശ്വേതാ മേനോൻ കമ്മിറ്റി രംഗത്ത്. പ്രവർത്തനങ്ങളിൽ ഉണ്ടായ പിഴവുകൾ അനുഭവക്കുറവ് മൂലമാണെന്നും, അവ തിരുത്താനുള്ള നടപടികൾ ഇതിനകം ആരംഭിച്ചതായും കത്തിലൂടെ അവർ വ്യക്തമാക്കി. കൂടുതൽ പക്വതയോടും ഉത്തരവാദിത്തത്തോടും കൂടി മുന്നോട്ടുപോകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് കത്തിൽ പറയുന്നു.
സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കൊന്നും യാതൊരു തടസ്സവും നേരിട്ടിട്ടില്ലെന്ന് കത്തിൽ ഉറപ്പുനൽകുന്നു. കൈനീട്ടം, സഞ്ജീവനി പദ്ധതി, മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ തുടങ്ങിയ സേവനങ്ങളെല്ലാം മുടങ്ങാതെ തുടരുന്നുണ്ട്. അംഗങ്ങളുടെ ക്ഷേമത്തിനും സംഘടനയുടെ ഐക്യത്തിനും മുൻഗണന നൽകുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തങ്ങളുടെ ചുമതലകൾ തുടർന്നും നിർവഹിക്കുന്നുണ്ടെന്നും കത്തിൽ വിശദീകരിക്കുന്നു.
അമ്മ ജനറൽ ബോഡിക്ക് ശേഷം ശ്വേതാ മേനോൻ പ്രസിഡന്റായിരുന്ന കമ്മിറ്റി രാജി പ്രഖ്യാപിക്കുകയും രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റി ചുമതലയേൽക്കുകയും ചെയ്തിരുന്നു. എന്നാൽ മുൻ കമ്മിറ്റി ഔദ്യോഗികമായി രാജിവെക്കാത്തത് വലിയ പ്രതിസന്ധിയായി. ഇതിനിടെ, അഡ്ഹോക്ക് കമ്മിറ്റി ചട്ടവിരുദ്ധമാണെന്ന് കാണിച്ച് ശ്വേതാ മേനോൻ കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് വരെ പഴയ കമ്മിറ്റിക്ക് തുടരാമെന്ന അനുകൂല ഉത്തരവ് കോടതിയിൽ നിന്ന് ലഭിക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് പിഷാരടി ഉൾപ്പെടെയുള്ളവർ അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചത്.
അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ തങ്ങളുടെ കൈവശമുണ്ടായിരുന്ന ഔദ്യോഗിക രേഖകളും വിവരങ്ങളും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന് കൈമാറി അധികാരം ഒഴിഞ്ഞു. നിയമയുദ്ധത്തിന് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് അഡ്ഹോക്ക് കമ്മിറ്റി പിൻമാറിയത്. കോടതി ഇടപെടലിൽ ജനറൽ ബോഡിയിലെ അംഗങ്ങളിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന വിലയിരുത്തലിലാണ് അഡ്ഹോക്ക് കമ്മിറ്റി ഇങ്ങനെയൊരു തീരുമാനമെടുത്തത്.



