തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസ്തംഭനം, മേയറുടെ സമീപനം ധിക്കാരപരമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണസ്തംഭനമെന്ന് എൽ.ഡി.എഫ് നേതാവ് വി. ശിവൻകുട്ടി. മേയറുടെ ധിക്കാരപരമായ സമീപനമാണ് നഗരസഭയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ചില സുപ്രധാന ഫയലുകൾ കടത്തിയതായും അദ്ദേഹം ആരോപിച്ചു. നഗരം ചീഞ്ഞുനാറുന്ന അവസ്ഥയിലാണെന്നും തെരുവ് നായ്ക്കളുടെ ശല്യം കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

കോർപ്പറേഷനിലെ അവിശ്വാസ പ്രമേയത്തിൽ എൽ.ഡി.എഫ് പിന്തുണ നൽകാതിരുന്നത് യു.ഡി.എഫ് നേതാക്കൾ മുൻകൂട്ടി കൂടിയാലോചന നടത്താത്തതുകൊണ്ടാണ്. അടി കിട്ടിയ ശേഷമാണ് യു.ഡി.എഫ് നേതാക്കൾക്ക് കാര്യം മനസിലായതെന്നും, അവിശ്വാസ പ്രമേയത്തിന് പിന്തുണ തേടി കൃത്യമായ ചർച്ചകൾ നടത്തണമായിരുന്നുവെന്നും ശിവൻകുട്ടി വിമർശിച്ചു.

കൊച്ചിയിൽ കേന്ദ്ര ലേബർ കോഡിന്റെ മറവിൽ നടക്കുന്ന കൂട്ടപ്പിരിച്ചുവിടൽ കടുത്ത തൊഴിൽ ചൂഷണമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇതിനെതിരെ സി.ഐ.ടി.യു ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും വ്യക്തമാക്കി. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇത്തരം നിയമവിരുദ്ധമായ നടപടികൾ അനുവദിക്കില്ലെന്നും, പിരിച്ചുവിട്ട തൊഴിലാളികൾക്ക് ആവശ്യമായ നിയമസഹായം ഉൾപ്പെടെ സി.ഐ.ടി.യു ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.സർക്കാർ തൊഴിലാളികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് പുറമേ, മുഖ്യമന്ത്രിയുടെ ‘റിവേഴ്സ് റെമിറ്റൻസ്’ പരാമർശം അതിഥി തൊഴിലാളികളെ അപമാനിക്കുന്നതാണെന്നും ശിവൻകുട്ടി പറഞ്ഞു. കേരളത്തിലെ പല നിർണ്ണായക മേഖലകളും ഇന്ന് നിലനിൽക്കുന്നത് അതിഥി തൊഴിലാളികളുടെ അധ്വാനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button