പിഎംശ്രീ: തുടർനടപടി തീരുമാനിക്കാൻ മന്ത്രിസഭ ഉപസമിതിയുടെ ആദ്യയോഗം ഇന്ന്

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ തീരുമാനിക്കുന്നതിനായി മന്ത്രിസഭ ഉപസമിതിയുടെ ആദ്യയോഗം ഇന്ന് ചേരും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക. നിയമസഭാ സമ്മേളനത്തിന് ശേഷം വൈകിട്ട് നാല് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പദ്ധതിയെ കുറിച്ച് വിശദമായി പഠിക്കാൻ ഉപസമിതി രൂപീകരിച്ചത്. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, എക്സൈസ് മന്ത്രി എം. ലിജു, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, മന്ത്രി പി. സി. വിഷ്ണുനാഥ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
പിഎംശ്രീ പദ്ധതിയിൽ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കുന്നതിൽ ഉപസമിതിയുടെ റിപ്പോർട്ട് നിർണായകമാകും. കഴിഞ്ഞ സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനാൽ സംസ്ഥാനം ഇതിനകം കരാറിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, പദ്ധതി നടപ്പാക്കുന്ന സ്കൂളുകളുടെ തെരഞ്ഞെടുപ്പിലും കരിക്കുലം രൂപീകരണത്തിലും കേന്ദ്രസർക്കാരിന്റെ അമിത ഇടപെടൽ ഒഴിവാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സ്വാധീനം സംസ്ഥാന വിദ്യാഭ്യാസ മേഖലയെ ബാധിക്കാതിരിക്കാനുള്ള മാർഗങ്ങളും ഉപസമിതി പരിശോധിക്കും.
ദേശീയ വിദ്യാഭ്യാസ നയം ഉൾപ്പെടെയുള്ള വിഷയങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തെ പ്രതികൂലമായി ബാധിക്കാതെ എങ്ങനെ പിഎംശ്രീ പദ്ധതി നടപ്പാക്കാം എന്നതടക്കമുള്ള കാര്യങ്ങളിൽ സമിതി വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കും.
റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും പദ്ധതി ഏത് രീതിയിൽ സംസ്ഥാനത്ത് നടപ്പാക്കണമെന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുക.



