‘മിഷൻ സമുദ്ര’യിലൂടെ കേരളത്തെ ആഗോള മാരിടൈം ഹബ്ബാക്കാൻ സർക്കാർ; 400 കോടി വകയിരുത്തി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നിയമസഭയിൽ പുരോഗമിക്കുന്നു. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ തീരദേശം, തുറമുഖങ്ങൾ, ജലസ്രോതസുകൾ എന്നിവ സംയോജിപ്പിച്ച് ‘മിഷൻ സമുദ്ര’ എന്ന പുതിയ വികസനപദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

400 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനതകളും ഘടനാപരമായ വെല്ലുവിളികളും പരമ്പരാഗത മാർഗങ്ങളിലൂടെ മാത്രം പരിഹരിക്കാനാകില്ലെന്നും, ആധുനികവും നൂതനവുമായ മാർഗങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്‌നർ ടെർമിനൽ, 17 നോൺ-മേജർ തുറമുഖങ്ങൾ, അനേകം ജലസ്രോതസുകൾ എന്നിവ സംയോജിപ്പിച്ച് അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാനത്തെ ലോക മാരിടൈം ഭൂപടത്തിൽ പ്രധാന ശക്തിയായി ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കേരളത്തെ ഒരു പോർട്ട് സിറ്റിയായി രൂപപ്പെടുത്തുകയും റോഡ്, സമുദ്രം, ഉൾനാടൻ ജലപാതകൾ എന്നിവ സംയോജിപ്പിച്ച് സമഗ്രമായ മാരിടൈം സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വിഴിഞ്ഞം ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനലിനെ ആഗോള ഷിപ്പിംഗ് നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിക്കാൻ ബാലരാമപുരം–വിഴിഞ്ഞം ഭൂഗർഭ റെയിൽ, വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിംഗ് റോഡ് എന്നിവയുടെ സ്ഥലമേറ്റെടുപ്പും നിർമാണ പ്രവർത്തനങ്ങളും വേഗത്തിലാക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.

ആഗോള ഷിപ്പിംഗ് മേഖല ഹരിത ഇന്ധനങ്ങളിലേക്ക് മാറുന്ന അവസരം കേരളം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ‘മിഷൻ സമുദ്ര’യ്ക്കായി 400 കോടി രൂപ വകയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button