പുതുയുഗ കേരളം ലക്ഷ്യമാക്കി ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി; ധവളപത്ര കണക്കുകൾ ഉദ്ധരിച്ച് പ്രസംഗം

തിരുവനന്തപുരം: 2026–2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചു. ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്.
ജനവിധിയോടെ അധികാരത്തിലെത്തിയ സർക്കാർ പുതുയുഗ കേരളം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്തെ വലിയ സാമ്പത്തിക വെല്ലുവിളികളും അദ്ദേഹം വിശദീകരിച്ചു. കേരളത്തിന്റെ തനത് വരുമാനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് താഴെയാണെന്നും കിഫ്ബി പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കിഫ്ബി സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിച്ചതായി വിമർശനം ഉയർന്ന സാഹചര്യത്തിൽ, വിഷയത്തിൽ പഠനം നടത്താൻ പ്രത്യേക വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി അടങ്കലിൽ ആനുപാതിക കുറവ് വരുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വാർഷിക പദ്ധതി അടങ്കൽ 35,000 കോടി രൂപയായിരിക്കുമെന്നും കേന്ദ്ര വിഹിതം മുൻ ബജറ്റിൽ തെറ്റായി കണക്കാക്കിയതിനെ തുടർന്ന് 20,500 കോടി രൂപയുടെ കുറവ് ഉണ്ടാകുമെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കപ്പെട്ടു.
പ്രിയദർശിനി പദ്ധതിയെയും മുഖ്യമന്ത്രി പ്രത്യേകമായി പരാമർശിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സൗജന്യ യാത്ര തുടരുകയും ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ക്ഷേമ പദ്ധതികൾക്ക് സർക്കാർ തുടർച്ചയായ പിന്തുണ നൽകുമെന്നും ബജറ്റിൽ സൂചന നൽകി.



