വീടിന് സമീപം കാത്തുനിന്ന് ആക്രമണം; 16-കാരിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം∙ തിരുവനന്തപുരം കന്യാകുളങ്ങരയിൽ 16 വയസ്സുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇന്ന് വൈകിട്ട് ഏകദേശം രണ്ട് മണിയോടെയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീടിന് സമീപം കാറിലെത്തി കാത്തിരുന്ന പ്രതി സഹദ്, പെൺകുട്ടി വീടിന് പുറത്തിറങ്ങിയപ്പോൾ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. ടെക്സ്റ്റ് ബുക്ക് വാങ്ങാനായി പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം.
കഴുത്തിൽ കുത്തേറ്റ പെൺകുട്ടിക്ക് മുഖത്തും പരിക്കേറ്റിട്ടുണ്ട്. രക്തസ്രാവത്തോടെ ഇടവഴിയിലൂടെ ഓടി രക്ഷപ്പെട്ട പെൺകുട്ടിയെ പ്രദേശവാസികൾ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അവിടെ ചികിത്സ തുടരുകയാണ്.
സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട പ്രതി പിന്നീട് വാഹനം ഉപേക്ഷിക്കുകയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയും ചെയ്തിരുന്നു. പിന്നാലെ ബന്ധുവിനൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് സഹദിനെ പിടികൂടിയത്.
പെൺകുട്ടിയെ പ്രതി മുൻപ് പലതവണ പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നും അത് നിരസിച്ചതിന്റെ പ്രതികാരമായാണ് ആക്രമണമെന്നും പൊലീസ് അറിയിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളാണ് പിടിയിലായ സഹദ് എന്നാണ് വിവരം



