ഗുരുതര രോഗത്തോട് പൊരുതി രേണു സുധി; പ്രാർത്ഥനയും പിന്തുണയും തേടി ഫിറോസിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

മലയാളികൾക്ക് സുപരിചിതയായ രേണു സുധി ഗുരുതരമായ ആരോഗ്യപ്രശ്നത്തെ നേരിടുകയാണെന്ന് വെളിപ്പെടുത്തി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ്. നടൻ കൊല്ലം സുധിയുടെ മരണശേഷം പൊതുരംഗത്ത് സജീവമായ രേണു ഇപ്പോൾ വലിയൊരു രോഗത്തോട് ധൈര്യപൂർവം പോരാടുകയാണെന്നും വരും ദിവസങ്ങളിൽ കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ ആരംഭിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് രേണുവിന്റെ ആരോഗ്യനിലയെക്കുറിച്ച് ഫിറോസ് വിവരങ്ങൾ പങ്കുവെച്ചത്. അസുഖം നേരത്തെ തന്നെ അറിഞ്ഞിരുന്നെങ്കിലും അതിന്റെ വേദനയും മാനസിക ബുദ്ധിമുട്ടുകളും മറ്റുള്ളവരെ അറിയിക്കാതെ ചികിത്സയുമായി മുന്നോട്ടുപോയ വ്യക്തിയാണ് രേണുവെന്ന് അദ്ദേഹം കുറിച്ചു. എന്നാൽ, ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ട് പ്രകാരം രോഗം കൂടുതൽ സങ്കീർണമായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനോടൊപ്പം സമൂഹമാധ്യമ ഉപയോക്താക്കളോടും ഫിറോസ് ഒരു അഭ്യർത്ഥന നടത്തി. രേണുവിനെതിരെയുള്ള നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ഒഴിവാക്കണമെന്നും, അവർക്ക് സന്തോഷം നൽകുന്ന വീഡിയോകളും റീലുകളും ചെയ്യാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവിതം എത്ര നാൾ നീളുമെന്ന് ആർക്കും അറിയില്ലെന്നും അതുകൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
രേണുവിന്റെ ചില നിലപാടുകൾ മൂലം തനിക്കടക്കം പലർക്കും മുമ്പ് വേദനകൾ ഉണ്ടായിട്ടുണ്ടെങ്കിലും, അവരുടെ ആരോഗ്യസ്ഥിതി അറിഞ്ഞ് സന്തോഷിക്കാനോ പ്രതികാരബുദ്ധിയോടെ പെരുമാറാനോ തന്റെ മനസ്സ് അനുവദിക്കുന്നില്ലെന്നും ഫിറോസ് കുറിച്ചു. ഒരു മനുഷ്യനെന്ന നിലയിൽ ചെയ്യാൻ കഴിയുന്നത് അവരെ ഉപദ്രവിക്കാതിരിക്കുകയും കഴിയുമെങ്കിൽ അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



