ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബു അന്തരിച്ചു

കോട്ടയം ചങ്ങനാശേരി സ്വദേശിയും ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ബി മുരാരി ബാബു (54) അന്തരിച്ചു. രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് മാസമായി ക്യാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം. സംസ്‌കാരം ഇന്ന് വൈകിട്ട് പെരുന്നയിലെ വീട്ടുവളപ്പിൽ നടക്കും.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായിരുന്നു മുരാരി ബാബു. 2019ൽ ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്നുള്ള സ്വർണം സംബന്ധിച്ച കേസിൽ രണ്ടാം പ്രതിയായിരുന്നു. കട്ടിളപ്പാളി കേസിൽ ആറാം പ്രതിയായും ഉൾപ്പെട്ടിരുന്നു. കേസിൽ അറസ്റ്റിലായ ശേഷം 90 ദിവസത്തിന് ശേഷം അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

2019 കാലഘട്ടത്തിൽ ശബരിമലയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം, 1998ൽ ശ്രീകോവിലിൽ സ്വർണം പൊതിഞ്ഞിരുന്നതുമായി ബന്ധപ്പെട്ട രേഖകളെ കുറിച്ച് അറിവുണ്ടായിരുന്നതായും, പിന്നീട് ചില രേഖകളിൽ വ്യത്യാസങ്ങൾ വന്നതായും അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു. സ്വർണം പൂശൽ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അദ്ദേഹം ഉൾപ്പെട്ടിരുന്നു.

പൊലീസ് സേവനം ഉപേക്ഷിച്ചാണ് പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ചേർന്നത്. 1994ൽ പൊലീസിൽ ചേർന്ന അദ്ദേഹം കണ്ണൂരിൽ കോൺസ്റ്റബിൾ പരിശീലനം ആരംഭിച്ചെങ്കിലും പിന്നീട് അത് പൂർത്തിയാക്കിയില്ല. 1997ൽ ദേവസ്വം ബോർഡിൽ ജീവനക്കാരനായി ചേർന്നു. പിന്നീട് വിവിധ ക്ഷേത്രങ്ങളിലെ ക്ലാർക്ക് ഉൾപ്പെടെയുള്ള തസ്തികകളിൽ പ്രവർത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button