വിദ്യാർത്ഥി കൺസെഷൻ ഫീസ് വർധിപ്പിച്ചിട്ടില്ല; പ്രചാരണം തെറ്റെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: വിദ്യാർത്ഥി കൺസെഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയായി വർധിപ്പിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കോർപ്പറേഷൻ അറിയിച്ചു.

കെഎസ്ആർടിസിയുടെ വിശദീകരണമനുസരിച്ച്, ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് കൺസെഷൻ കാർഡ് അനുവദിക്കുന്നതിനും ഓരോ അധ്യയന വർഷാരംഭത്തിലും പുതുക്കുന്നതിനുമായി ഇതുവരെ 110 രൂപയാണ് ഈടാക്കിയിരുന്നത്. ഇതിൽ 100 രൂപ പ്രോസസിംഗ് ഫീസും 10 രൂപ കാർഡിന്റെയും അനുബന്ധ സ്റ്റേഷനറി സാമഗ്രികളുടെയും ചെലവുമായിരുന്നു.

എന്നാൽ, ആർഎഫ്ഐഡി (RFID) അടിസ്ഥാനത്തിലുള്ള സ്മാർട്ട് കാർഡ് സംവിധാനം നടപ്പിലാക്കിയതോടെ പേപ്പർ കാർഡുകൾക്ക് പകരം പുതിയ ആർഎഫ്ഐഡി കാർഡുകൾ സൗജന്യമായി നൽകുകയും നിലവിലുള്ള കാർഡുകൾ പുനരുപയോഗിക്കുന്ന സംവിധാനത്തിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. ഇതോടെ പുതിയ കാർഡിനും സ്റ്റേഷനറി സാമഗ്രികൾക്കുമായി ഈടാക്കിയിരുന്ന 10 രൂപ പൂർണമായും ഒഴിവാക്കിയതായി കെഎസ്ആർടിസി അറിയിച്ചു.

നിലവിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ നിന്ന് കൺസെഷൻ കാർഡ് പുതുക്കലിനായി 100 രൂപ പ്രോസസിംഗ് ഫീസ് മാത്രമാണ് ഈടാക്കുന്നത്. അതിനാൽ, 10 രൂപയിൽ നിന്ന് 110 രൂപയായി ഫീസ് വർധിപ്പിച്ചുവെന്ന വാർത്ത യാഥാർഥ്യവിരുദ്ധമാണെന്നും, മറിച്ച് 110 രൂപയിൽ നിന്ന് 100 രൂപയായി തുക കുറയ്ക്കുകയാണ് ചെയ്തതെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button