‘പൊലീസിനെ ഞെട്ടിച്ച്’ കുക്കറിൽ കഞ്ചാവ് വേവിച്ച് ഒളിപ്പിച്ചു; 40കാരൻ പിടിയിൽ

തൃശൂർ: കുക്കറിൽ കഞ്ചാവ് ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷ് (40) ആണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
കുന്നംകുളം സബ് ഇൻസ്‌പെക്ടർ രാകേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ബിനീഷിന്റെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്ക്കിടെ അടുക്കളയിൽ നിന്ന് കുക്കർ വിസിലടിക്കുന്ന ശബ്ദം കേട്ട പൊലീസ് അവിടേക്ക് എത്തി. തുടർന്ന് കഞ്ചാവിന്റെ മണം അനുഭവപ്പെട്ടതോടെ കുക്കർ പരിശോധിച്ചപ്പോഴാണ് അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന ചോറിനുള്ളിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് പൊതികൾ കണ്ടെത്തിയത്.
മുൻപ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനുമെതിരെ കത്തിവീശിയ കേസിലെ പ്രതിയാണ് ബിനീഷെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ലഹരിമുക്ത കേരളം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിൽ ഇതുവരെ 728 കേസുകളിലായി 795 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിശോധനകളിൽ 626 ഗ്രാം എം.ഡി.എം.എ, 48.14 കിലോ കഞ്ചാവ്, 136 ഗ്രാം ഹാഷിഷ് ഓയിൽ, 480 കഞ്ചാവ് ബീഡികൾ എന്നിവയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ഓപ്പറേഷന്റെ ഭാഗമായി കോപ്ട നിയമപ്രകാരം 115 കേസുകളും എൻ.ഡി.പി.എസ് നിയമപ്രകാരം 469 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് വിതരണ ശൃംഖലയുടെ ഉറവിടം കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ 84 പൊലീസ് സബ് ഡിവിഷനുകളിലും പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
വിദേശത്ത് നിന്ന് രാസലഹരി എത്തിക്കുന്ന ശൃംഖലയുമായി ബന്ധപ്പെട്ട് രണ്ട് വിദേശ പൗരന്മാരെയും ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി പൊലീസ് പിടികൂടി. പന്തളം സ്റ്റേഷനിലെ ലഹരിക്കേസിലെ പ്രതിയായ നൈജീരിയൻ പൗരൻ സാമുവൽ ഒക്ഫോറിനെ ഡൽഹിയിൽ നിന്നും, പെരുനാട് സ്റ്റേഷനിലെ കേസിൽ പ്രതിയായ വിദേശ വനിത എൽസീന സനാതൻ സോസയെ ബംഗളൂരുവിൽ നിന്നുമാണ് പിടികൂടിയത്.



