18 വർഷത്തെ സൗഹൃദത്തിന് ഒടുവിൽ ക്രൂര കൊലപാതകം; ബുർഖ ധരിച്ച് സുഹൃത്തിനെ കൊന്ന് സ്വർണം കവർന്ന യുവാവ് പിടിയിൽ

കാൺപൂർ: 18 വർഷമായി അടുത്ത സുഹൃത്തായിരുന്ന യുവാവിനെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി പൊലീസ് പിടിയിലായി. മോഹിത് ദ്വിവേദിയാണ് അറസ്റ്റിലായത്. കമ്പ്യൂട്ടർ കോച്ചിംഗ് സെന്റർ ഉടമയായ പ്രകാശ് ചന്ദ്ര ഗുപ്തയെ ബുർഖ ധരിച്ചെത്തിയാണ് പ്രതി കൊലപ്പെടുത്തിയത്.

ഐപിഎൽ ഫൈനൽ മത്സരം നടന്ന രാത്രിയിൽ പ്രകാശ് കോച്ചിംഗ് സെന്ററിൽ ഒറ്റയ്ക്കായിരിക്കുമെന്ന് മനസിലാക്കിയ മോഹിത്, കൊലപാതകം ആസൂത്രണം ചെയ്തതായി പൊലീസ് കണ്ടെത്തി. സംഭവത്തിന് മുമ്പ് രക്ഷപ്പെടാനുള്ള മാർഗങ്ങൾ യൂട്യൂബിലൂടെ പഠിച്ച ഇയാൾ മുഖം തിരിച്ചറിയാതിരിക്കാൻ ബുർഖയും സ്ത്രീകളുടെ ചെരുപ്പും ധരിച്ചാണ് സ്ഥലത്തെത്തിയത്.

പ്രകാശിന്റെ കഴുത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള സ്വർണമാലയും ബ്രേസ്‌ലെറ്റും തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്. ഇതിനിടെ മോഹിത് പ്രകാശിനെ ശക്തമായി തള്ളിയിട്ടതോടെ അദ്ദേഹം നിലത്തുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അമിത രക്തസ്രാവത്തെ തുടർന്ന് പ്രകാശ് മരിച്ചതായി പൊലീസ് അറിയിച്ചു.

കൊലപാതകത്തിന് ശേഷം ആഭരണങ്ങളുമായി രക്ഷപ്പെട്ട പ്രതി, അടുത്ത ദിവസം ഒന്നുമറിയാത്ത ഭാവത്തിൽ പ്രകാശിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, ബുർഖ ധരിച്ച വ്യക്തിയുടെ നടത്തത്തിൽ അസ്വാഭാവികത കണ്ടെത്തി. സ്ത്രീകളുടേതിന് പകരം പുരുഷന്മാരുടേതിന് സമാനമായ നടത്തമാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബുർഖ ധരിച്ചയാൾ സമീപത്തെ കാറിൽ വസ്ത്രം മാറുന്ന ദൃശ്യങ്ങളും ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഹിത് ദ്വിവേദിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button