നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം: അമ്മയും രണ്ടാനച്ഛനും നടത്തിയ ക്രൂര പീഡനങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നരവയസുകാരനെ ഉപദ്രവിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയും രണ്ടാനച്ഛനും നടത്തിയ ക്രൂര പീഡനങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുട്ടി ഹൈപ്പർ ആക്‌ടീവ് ആയിരുന്നെന്നും ഓടി നടക്കാതിരിക്കാനായി ലൈറ്റർ ഉപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിച്ചിരുന്നെന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
സൈക്കിളിൽ നിന്ന് വീണ് കുട്ടിയുടെ കൈകൾ ഒടിഞ്ഞിട്ടും 12 ദിവസം കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൈയിൽ നീർവീക്കം ഉണ്ടായിട്ടും വേദന കാരണം കുട്ടി തുടർച്ചയായി കരഞ്ഞിരുന്നെങ്കിലും ചികിത്സ നൽകാൻ പ്രതികൾ തയ്യാറായില്ല.
കുട്ടിയുടെ അമ്മ അഖിലയും പങ്കാളി അഷ്‌കറും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലിനിടെയാണ് കുട്ടിക്കെതിരെ നടത്തിയ പീഡനങ്ങളുടെ വിവരങ്ങൾ ഇരുവരും വെളിപ്പെടുത്തിയത്. ഒരുമിച്ചുള്ള ജീവിതത്തിന് കുട്ടി തടസമായിരുന്നുവെന്നും അതിനാലാണ് നിരന്തരം മർദിച്ചതെന്നും പ്രതികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
മർദനമേറ്റ് അവശനായ കുട്ടിയുമായി പ്രതികൾ മധുരയിലേക്ക് യാത്ര പോയതായും മടങ്ങിയെത്തിയ ശേഷം കുട്ടി കുഴഞ്ഞുവീണിട്ടും മതിയായ പരിചരണമോ ചികിത്സയോ നൽകിയില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഛർദിച്ചതിനെ തുടർന്ന് അവശനായി എന്നാണ് ഒന്നരവയസുകാരൻ അർഷിദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ രണ്ടാനച്ഛൻ നൽകിയ വിശദീകരണം. എന്നാൽ കുട്ടിയുടെ ശരീരത്തിലെ മുറിവുകളും പരിക്കുകളും ഡോക്ടർമാരിൽ സംശയം ജനിപ്പിച്ചു.
മേയ് 29-ന് കുട്ടി മരണത്തിന് കീഴടങ്ങിയതിനെ തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ക്രൂരമായ മർദനത്തിന്റെയും പീഡനത്തിന്റെയും വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.



