ബെവ്‌കോ നിയമനത്തിൽ അതൃപ്തി; അജിത് കുമാറിനെ മാറ്റാൻ മുഖ്യമന്ത്രിയോട് ആവശ്യം

തിരുവനന്തപുരം: ബെവ്‌കോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) എം.ആർ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകി. വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനായി മറ്റൊരു ഉദ്യോഗസ്ഥനെ ബെവ്‌കോയുടെ തലപ്പത്ത് നിയമിക്കണമെന്ന ആവശ്യവും മന്ത്രി മുന്നോട്ടുവച്ചു.

എം.ആർ അജിത് കുമാറിനെ ബെവ്‌കോ ചെയർമാനായി നിയമിച്ചതുമുതൽ തന്നെ മന്ത്രി അതൃപ്തി അറിയിച്ചിരുന്നുവെന്നാണ് വിവരം. എക്‌സൈസ് കമ്മിഷണർ സ്ഥാനത്തിനൊപ്പമാണ് അജിത് കുമാറിനെ ബെവ്‌കോ ചെയർമാനായും നിയമിച്ചിരുന്നത്. ഹർഷിത അട്ടല്ലൂരിയായിരുന്നു ഇതിന് മുൻപ് ഈ ചുമതല വഹിച്ചിരുന്നത്.

2021 വരെ എക്‌സൈസ് കമ്മിഷണറായിരുന്നു ബെവ്‌കോ ചെയർമാന്റെ ചുമതലയും വഹിച്ചിരുന്നത്. പിന്നീട് യോഗേഷ് ഗുപ്ത ബെവ്‌കോയുടെ തലപ്പത്തെത്തിയപ്പോൾ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് സിഎംഡിയായി നിയമിച്ചു. തുടർന്ന് വന്ന ഉദ്യോഗസ്ഥരും സിഎംഡി പദവിയിലാണ് പ്രവർത്തിച്ചിരുന്നത്.

അതേസമയം, കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (സിഎടി) ഉത്തരവിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ എക്‌സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് എം.ആർ അജിത് കുമാറിനെ മാറ്റിയിരുന്നു. കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും നിയമനത്തിനും സ്ഥലംമാറ്റത്തിനും സിവിൽ സർവീസ് ബോർഡിന്റെ ശുപാർശ നിർബന്ധമാണെന്നും സിഎടി വ്യക്തമാക്കിയിരുന്നു.

എക്‌സൈസ് കമ്മിഷണർ സ്ഥാനം ഐഎഎസ് ഉദ്യോഗസ്ഥർക്കായി സംവരണം ചെയ്ത കേഡർ പോസ്റ്റാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് എഡിജിപി റാങ്കിലുള്ള എം.ആർ അജിത് കുമാറിന് ആ സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നത്. ബെവ്‌കോ സിഎംഡി സ്ഥാനവുമായി ബന്ധപ്പെട്ട പുതിയ ആവശ്യത്തിൽ സർക്കാർ എന്ത് തീരുമാനം സ്വീകരിക്കുമെന്നത് ശ്രദ്ധേയമാകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button