പെൻഷൻ പ്രായം 58 ആക്കില്ല; ശമ്പളപരിഷ്കരണത്തിൽ മാറ്റത്തിന് സാധ്യത, സ്ത്രീകളുടെ സൗജന്യ ബസ് യാത്രയിൽ ഉടൻ തീരുമാനം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ ശുപാർശ ഈ വർഷത്തെ ബജറ്റിൽ അംഗീകരിക്കില്ലെന്ന് സൂചന. പെൻഷൻ പ്രായം ഉയർത്തിയാൽ വിരമിക്കൽ ആനുകൂല്യങ്ങളിൽ വർഷം 6,000 കോടി രൂപയുടെ ലാഭമുണ്ടാകുമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നെങ്കിലും, ഇത് സ്ഥിരമായ സാമ്പത്തിക നേട്ടമല്ലെന്നാണ് സർക്കാരിന്റെ നിലപാട്.
വിരമിക്കൽ ആനുകൂല്യങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ നൽകേണ്ടതായതിനാൽ ചെലവ് താൽക്കാലികമായി മാറ്റിവെക്കാൻ മാത്രമേ ഇതിലൂടെ സാധിക്കൂവെന്ന വിലയിരുത്തലിലാണ് സർക്കാർ. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിച്ച് യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ധവളപത്രത്തിലാണ് പെൻഷൻ പ്രായം 58 ആക്കണമെന്ന നിർദേശം ഉൾപ്പെടുത്തിയിരുന്നത്.
അതേസമയം, ശമ്പളപരിഷ്കരണം അഞ്ചു വർഷത്തിലൊരിക്കൽ എന്നതിന് പകരം പത്ത് വർഷത്തിലൊരിക്കൽ മതിയെന്ന ശുപാർശ അംഗീകരിക്കാൻ സാധ്യതയുണ്ട്. നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ശമ്പളവർധന മൂലമുള്ള അധിക ബാധ്യത ഒഴിവാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശികയുള്ള ക്ഷാമബത്ത (ഡി.എ) വിതരണം മുൻഗണനയായി പരിഗണിക്കാനാണ് തീരുമാനം. നിലവിൽ രണ്ട് ശതമാനം ക്ഷാമബത്ത കുടിശികയുണ്ട്. ഈ മാസം 19-ന് അവതരിപ്പിക്കുന്ന പുതുക്കിയ ബജറ്റിൽ ഇതിന് ആവശ്യമായ തുക വകയിരുത്തുമെന്നാണ് വിവരം. മുൻകാല പ്രാബല്യമുള്ള ഡി.എ കുടിശികകളും ഘട്ടംഘട്ടമായി വിതരണം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. ജീവനക്കാർക്ക് 21,670 കോടി രൂപയും പെൻഷൻകാർക്ക് 14,387 കോടി രൂപയും ഇനത്തിൽ നൽകാനുണ്ട്.
ഇതിനിടെ, കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. കെഎസ്ആർടിസി സമർപ്പിച്ച റിപ്പോർട്ടുകൾ വിവിധ തലങ്ങളിൽ പരിശോധിച്ച ശേഷം വിഷയം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനിക്കാനായി ഗതാഗത വകുപ്പ് വിട്ടിരിക്കുകയാണ്. പദ്ധതി എങ്ങനെ നടപ്പാക്കണം, എന്തെങ്കിലും മാനദണ്ഡങ്ങൾ വേണമോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കും.



