തൃണമൂലിൽ പിളർപ്പിന്റെ സൂചനകൾ; എംപിമാരെ അടർത്താൻ ബിജെപി നീക്കമെന്ന് റിപ്പോർട്ടുകൾ, അനുനയ ശ്രമവുമായി മമത

ദില്ലി: പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾക്കിടെ തൃണമൂൽ കോൺഗ്രസ് വലിയ പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. പാർട്ടിയിലെ ഒരു വിഭാഗം എംപിമാരെ ബിജെപിയിലേക്ക് ആകർഷിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്നാണ് ദേശീയ രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്ന സൂചനകൾ.
തൃണമൂൽ കോൺഗ്രസിലെ ചില എംപിമാർ ഉടൻ ദില്ലിയിലെത്തി ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ബിജെപി നേതാവ് സുവേന്ദു അധികാരിക്കൊപ്പമാണ് ഇവർ പാർട്ടി ദേശീയ നേതൃത്വത്തെ കാണാൻ ഒരുങ്ങുന്നതെന്നാണ് വിവരം.
ലോക്സഭയിലെയും രാജ്യസഭയിലെയും തൃണമൂൽ അംഗങ്ങളിൽ ഒരു വിഭാഗം ബിജെപിയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ മമത ബാനർജി നേതൃത്വത്തിന് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ഈ അഭ്യൂഹങ്ങൾ സത്യമായാൽ പാർട്ടിയുടെ പാർലമെന്ററി ശക്തിയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഇതിനിടെ, പാർട്ടിക്കുള്ളിലെ അസ്വസ്ഥതകൾ പരിഹരിക്കാൻ മമത ബാനർജിയും അനുനയ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പാർട്ടിയോട് വിശ്വസ്തത പുലർത്തുന്ന നേതാക്കളെയും വിമതരെന്ന് കരുതപ്പെടുന്ന ചില ജനപ്രതിനിധികളെയും അടിയന്തര ചർച്ചകൾക്കായി മമത വസതിയിലേക്ക് വിളിച്ചുചേർത്തതായി റിപ്പോർട്ടുകളുണ്ട്.
പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്നും പ്രതിസന്ധി ഘട്ടത്തിൽ ഒരുമിച്ച് മുന്നോട്ടുപോകണമെന്നും മമത നേതാക്കളോട് അഭ്യർഥിച്ചതായാണ് വിവരം. അതേസമയം, വിവിധ യോഗങ്ങളിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ പങ്കാളിത്തം രേഖപ്പെടുത്തിയതും പാർട്ടി നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നതിനിടെ, അടുത്ത ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങൾ തൃണമൂൽ കോൺഗ്രസിന്റെ ഭാവിയെ നിർണയിക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തൽ.



