കട്ടേല മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ സംഭവം: വി. മുരളീധരന്റെ പെരുമാറ്റം തരംതാണതും വിവേചനപരവുമെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: കട്ടേല മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങിനിടെ എം.എൽ.എ വി. മുരളീധരൻ കുട്ടികളോട് കാണിച്ച പെരുമാറ്റം അങ്ങേയറ്റം തരംതാണതും വിവേചനപരവുമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. ജനപ്രതിനിധിയുടെ നടപടി പ്രതിഷേധാർഹവും ലജ്ജാവഹവുമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ വെച്ച് വിദ്യാർത്ഥികളെ അവഹേളിക്കുന്ന തരത്തിൽ പെരുമാറിയത് അംഗീകരിക്കാനാവില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. പ്രവേശനോത്സവ ചടങ്ങിൽ കുട്ടികൾക്ക് മിഠായി നേരിട്ട് കൈമാറുന്നതിന് പകരം മേശപ്പുറത്തേക്ക് തട്ടിയിട്ട് എടുക്കാൻ ആവശ്യപ്പെട്ടത് കുട്ടികളുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്ന നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു.

സംഭവസമയത്ത് ഉദ്ഘാടകയായ മന്ത്രി സ്ഥലത്തുണ്ടായിരുന്നിട്ടും എം.എൽ.എയുടെ നടപടിയെ തടയാനോ തിരുത്താനോ തയ്യാറാകാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കുട്ടികളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ളവർ ഇത്തരം സംഭവങ്ങളിൽ ശക്തമായി ഇടപെടേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളോട് കാണിച്ച വിവേചനപരമായ സമീപനം ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും, സംഭവത്തിൽ വി. മുരളീധരൻ പരസ്യമായി മാപ്പ് പറയണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button