പിണറായിക്കെതിരായ വിമർശനങ്ങൾ തോൽവിക്ക് ശേഷമുള്ളത്; പാർട്ടി നേതാക്കളെ വിമർശിച്ച് മല്ലിക സുകുമാരൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് ഇപ്പോൾ ഉയരുന്ന വിമർശനങ്ങളെ രൂക്ഷമായി വിമർശിച്ച് നടി മല്ലിക സുകുമാരൻ. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമാണ് ചില നേതാക്കൾ ആരോപണങ്ങളുമായി രംഗത്തെത്തുന്നതെന്നും, തെറ്റുകൾ സംഭവിച്ച സമയത്ത് തന്നെ പ്രതികരിക്കേണ്ടതായിരുന്നുവെന്നും അവർ പറഞ്ഞു.
രാഷ്ട്രീയത്തിലെ ഇത്തരം ആരോപണ-പ്രതിയാരോപണങ്ങൾ പലപ്പോഴും നാടകീയമായ രീതിയിലാണ് നടക്കുന്നതെന്ന് മല്ലിക അഭിപ്രായപ്പെട്ടു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കുടുംബവാഴ്ചയെയും ബന്ധുനിയമനങ്ങളെയും കുറിച്ചുള്ള വിവാദങ്ങൾ മുൻപും ഉണ്ടായിട്ടുള്ളതാണെന്നും, ഇപ്പോൾ മാത്രം അവയെ തെറ്റായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മല്ലിക ചൂണ്ടിക്കാട്ടി. താൻ അഞ്ച് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നയാളാണെന്നും, നേതാക്കളെ വ്യക്തിപരമായി ലക്ഷ്യമിട്ട് ആക്രമിക്കുന്ന പ്രവണത മനസ്സിലാകുന്നില്ലെന്നും അവർ പറഞ്ഞു.
“അഞ്ച് വർഷം മുൻപ് നടന്ന കാര്യങ്ങളാണെങ്കിൽ അന്ന് എന്തുകൊണ്ട് ആരും പ്രതികരിച്ചില്ല?” എന്ന ചോദ്യവും മല്ലിക ഉയർത്തി. പാർട്ടിയോടുള്ള സ്നേഹം കൊണ്ടാണ് മിണ്ടാതിരുന്നതെന്ന വാദം വിശ്വസിക്കാനാകില്ലെന്നും, വ്യക്തിപരമായ താത്പര്യങ്ങൾ നഷ്ടപ്പെടുമ്പോൾ മാത്രം വിമർശനവുമായി രംഗത്തെത്തുന്നത് ശരിയായ രാഷ്ട്രീയ സംസ്കാരമല്ലെന്നും അവർ വിമർശിച്ചു.
തെറ്റുകൾ സംഭവിക്കുമ്പോൾ തന്നെ അത് തുറന്ന് പറയാനും തിരുത്താനും രാഷ്ട്രീയ പാർട്ടികൾ ആർജവം കാണിക്കണമെന്നും, അധികാരം നഷ്ടപ്പെട്ടതിന് ശേഷം മാത്രം കുറ്റപ്പെടുത്തലുകൾ ഉയർത്തുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.



