അൻസിബയുടെ ആരോപണങ്ങൾ തള്ളി ലക്ഷ്‌മിപ്രിയ; ‘ഡിജിറ്റൽ തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ട്

കൊച്ചി: നടി അൻസിബ ഹസൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ പൂർണമായും നിഷേധിച്ച് നടി ലക്ഷ്‌മിപ്രിയ. പൊലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂറോളം തടഞ്ഞുവച്ചെന്ന അൻസിബയുടെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും സംഭവവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ലക്ഷ്‌മിപ്രിയ പറഞ്ഞു.

പൊലീസിന് മൊഴി നൽകാനെത്തിയ വേളയിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ലക്ഷ്‌മിപ്രിയയുടെ വിശദീകരണം. തന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളാണ് അൻസിബ അയച്ചതെന്നും അതിനാലാണ് പൊലീസിൽ പരാതി നൽകേണ്ടിവന്നതെന്നും അവർ വ്യക്തമാക്കി.

“ഞങ്ങൾ രണ്ടുപേരും പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നത് ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കൻഡ് മാത്രമാണ്. ഇതുസംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ എന്റെ പക്കലുണ്ട്. പലതവണ വിശദീകരണം തേടിയിട്ടും അൻസിബ കൃത്യമായ മറുപടി നൽകിയില്ല. കുടുംബത്തെ ബാധിക്കുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് നിയമനടപടിയിലേക്ക് നീങ്ങിയത്,” ലക്ഷ്‌മിപ്രിയ പറഞ്ഞു.

ഇതിന് പിന്നിൽ മറ്റ് അജണ്ടകളോ ആരുടെയെങ്കിലും പ്രേരണയോ ഇല്ലെന്നും വ്യക്തിപരമായ പ്രശ്നമായതിനാൽ താരസംഘടനയായ ‘അമ്മ’ ഇടപെടേണ്ട സാഹചര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, താൻ അയച്ച സന്ദേശത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതെന്ന് ആരോപിച്ച് അൻസിബ ഹസൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. തൃപ്പൂണിത്തുറ വനിതാ എസ്‌ഐ രേഷ്‌മയ്‌ക്കെതിരെയാണ് പരാതി. പൊലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് അൻസിബയുടെ ആരോപണം.

ലക്ഷ്‌മിപ്രിയയുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്പര ആരോപണങ്ങളും പരാതികളും ഉയർന്ന സാഹചര്യത്തിൽ വിഷയത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button