പി.കെ. ശശിയുടെ ഡിഎംഎഫ് സിഎംപിയുമായി കൈകോർക്കുമോ? നിർണായക ചർച്ചകൾ അവസാനഘട്ടത്തിൽ

പാലക്കാട്: സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംഎൽഎ പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് മൂവ്മെന്റ് ഫ്രണ്ട് (ഡിഎംഎഫ്) സിഎംപിയുമായി ലയിക്കുകയോ രാഷ്ട്രീയമായി ഒരുമിച്ച് പ്രവർത്തിക്കുകയോ ചെയ്യുന്ന കാര്യം സജീവ പരിഗണനയിൽ. ഇക്കാര്യം സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് പി.കെ. ശശി അറിയിച്ചു.

സിഎംപി നേതാവും മന്ത്രിയുമായ സി.പി. ജോൺ പങ്കെടുക്കുന്ന നിർണായക യോഗം ഉടൻ പാലക്കാട്ട് ചേരും. ഡിഎംഎഫ് സിഎംപിയിൽ ലയിക്കണോ, അതോ സ്വതന്ത്ര സംഘടനയായി തുടരുന്നതിനൊപ്പം രാഷ്ട്രീയ സഹകരണം ഉറപ്പാക്കണോയെന്ന കാര്യത്തിൽ ആലോചന പുരോഗമിക്കുകയാണെന്ന് ശശി വ്യക്തമാക്കി.

സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം രൂപീകരിച്ച ഡിഎംഎഫിന് പാലക്കാട് ജില്ലയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച പി.കെ. ശശിക്ക് വിജയിക്കാനായിരുന്നില്ല.

കഴിഞ്ഞ മാസം പാലക്കാട്ടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ഡിഎംഎഫിൽ ചേർന്നിരുന്നു. ഏകദേശം 800 ഓളം പ്രവർത്തകരാണ് സംഘടനയുടെ ഭാഗമായത്. കൂടാതെ, പാലക്കാട്ടെ സിപിഎമ്മിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് ജില്ലാ നേതൃത്വവുമായി അകന്ന് പാർട്ടി വിട്ട പ്രവർത്തകരെയും ഡിഎംഎഫിനൊപ്പം കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങൾ സജീവമാണെന്നാണ് വിവരം.

ഡിഎംഎഫ്–സിഎംപി ചർച്ചകളുടെ അന്തിമ തീരുമാനം പാലക്കാട്ടെ രാഷ്ട്രീയ സമവാക്യങ്ങളിൽ പുതിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button