എസ്‌എഫ്‌ഐ മുൻ നേതാക്കളായ പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരാകുന്നു

കണ്ണൂർ: എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും എസ്‌എഫ്‌ഐ മുൻ നേതാവ് കെ. വിദ്യയും വിവാഹിതരാകുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ രജിസ്റ്റർ ഓഫീസിൽ വച്ചാണ് വിവാഹം നടക്കുന്നത്.

ഇരുവരും ഇതുസംബന്ധിച്ച വിവരം ഔദ്യോഗികമായി സോഷ്യൽ മീഡിയയിലോ മറ്റ് പൊതുവേദികളിലോ പങ്കുവെച്ചിട്ടില്ല. എന്നാൽ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായാണ് വിവരം.

അധ്യാപക നിയമനത്തിനായി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ പ്രതിയായതിനെ തുടർന്ന് കെ. വിദ്യ സംസ്ഥാനതലത്തിൽ വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്.

പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ പി.എം. ആർഷോ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ എടുത്ത ചില നിലപാടുകളുടെ പേരിൽ പാർട്ടി നേതൃത്വത്തിന്റെ വിമർശനവും നേരിട്ടിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ ആർക്കിയോളജിയിൽ പി.ജി വിദ്യാർത്ഥിയായിരുന്ന ആർഷോ പിന്നീട് പഠനം അവസാനിപ്പിക്കുകയായിരുന്നു. നിലവിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായാണ് പ്രവർത്തിക്കുന്നത്.

ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിന്റെ ഏഴാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്ന ആർഷോ ക്ലാസുകളിൽ പങ്കെടുക്കാത്തതിനെ തുടർന്ന് കോളേജ് അധികൃതർ നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടിയായി ആറാം സെമസ്റ്ററിന് ശേഷം എക്സിറ്റ് ഓപ്ഷൻ സ്വീകരിക്കുകയാണെന്ന് ഇ-മെയിൽ മുഖേന ക്ലാസ് അധ്യാപകനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

രാഷ്ട്രീയ-വിദ്യാർത്ഥി സംഘടനാ രംഗത്ത് ശ്രദ്ധേയരായിരുന്ന ഇരുവരുടെയും വിവാഹവാർത്ത സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയാവുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button