ആദ്യ ജന്മദിനാഘോഷം ഓർമ്മയായി; ബിഗ് ബോസ് താരം അനീഷിന്റെ ഹൃദയസ്പർശിയായ കുറിപ്പ് വൈറൽ

ബിഗ് ബോസ് മലയാളം സീസൺ 7-ൽ കോമണറായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ താരമാണ് അനീഷ്. ഷോയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ആദ്യ ജന്മദിനാഘോഷ അനുഭവം പങ്കുവെച്ച ഇൻസ്റ്റഗ്രാം കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
തന്റെ ജീവിതത്തിൽ ഇതുവരെ ഇത്ര വിപുലമായ ജന്മദിനാഘോഷം ഉണ്ടായിട്ടില്ലെന്ന് അനീഷ് പറയുന്നു. ചെറുപ്പത്തിൽ സ്കൂൾ, കോളേജ് അവധിയായതിനാൽ ആഘോഷിക്കാൻ അവസരം ലഭിച്ചിരുന്നില്ലെന്നും, മുതിർന്ന ശേഷവും ജന്മദിനം പ്രത്യേകമായി ആഘോഷിക്കാറില്ലായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
എന്നാൽ ഈ വർഷം പ്രതീക്ഷകൾക്കുമപ്പുറം സ്നേഹവും ആശംസകളും ലഭിച്ചതായി അനീഷ് വ്യക്തമാക്കി. “ബിഗ് ബോസിൽ പറഞ്ഞിരുന്നെങ്കിലും പിന്നീട് സോഷ്യൽ മീഡിയയിൽ സൂചന നൽകിയിരുന്നില്ല. എങ്കിലും നിരവധി പേർ ഓർത്തുവെച്ച് വിഷ് ചെയ്തു. സർപ്രൈസ് ഗിഫ്റ്റുകളും കേക്കുകളും എത്തിച്ചു,” എന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തനിക്ക് ലഭിച്ച സ്നേഹത്തിനും പ്രാർത്ഥനയ്ക്കും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും, ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും അനീഷ് കൂട്ടിച്ചേർത്തു. ആർജെ ബിൻസി അടക്കമുള്ള ബിഗ് ബോസ് സഹതാരങ്ങളും നിരവധി ആരാധകരും താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.



