ഇ.ഡി റെയ്ഡിനെതിരെ ഷിബു ബേബി ജോൺ; “രാഷ്ട്രീയ ആയുധമാക്കുന്നു” എന്ന് വിമർശനം

കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ഷിബു ബേബി ജോൺ. ഇ.ഡി നടപടികളോട് താൻ യോജിക്കുന്നില്ലെന്നും, ഏജൻസിയെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും അദ്ദേഹം കൊല്ലത്ത് പ്രതികരിച്ചു.
രാഷ്ട്രീയ ലക്ഷ്യത്തോടെ ഇ.ഡി പ്രവർത്തിക്കുന്നുവെങ്കിൽ അത് ആർ.എസ്.പി ശക്തമായി അപലപിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. “ചങ്ങാതിമാർ പിണങ്ങുമ്പോഴാണ് വാശി കൂടുന്നത്, ഇപ്പോൾ എന്ത് വിഷയത്തിലാണ് പിണക്കം എന്ന് വ്യക്തമല്ല” എന്നും അദ്ദേഹം പരിഹസിച്ചു.
പിണറായിക്കും കുടുംബത്തിനും മറയ്ക്കാൻ ഒന്നുമില്ലെങ്കിൽ ധൈര്യത്തോടെ ഇ.ഡിക്ക് മുന്നിൽ നിൽക്കേണ്ടതായിരുന്നുവെന്നും, അതിന് പകരം സിപിഎം പ്രവർത്തകർ അഴിഞ്ഞാടുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇ.ഡി റെയ്ഡിനെതിരെ വിമർശനം ഉയരുമ്പോൾ സിപിഎം രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തുകയാണെന്നും, എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് മൗനം പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോദിയെ തൃപ്തിപ്പെടുത്താനാണ് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതെന്നുമുള്ള ആരോപണവും ഷിബു ബേബി ജോൺ ഉന്നയിച്ചു. കേരളത്തിൽ സിപിഎം തകരരുതെന്നും, എന്നാൽ ബിജെപി വളരുന്ന സാഹചര്യം സംസ്ഥാനത്തിന് നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, സിപിഎമ്മിൽ നിന്ന് ആളുകൾ ബിജെപിയിലേക്ക് പോകുന്ന പ്രവണത വർധിക്കുന്നുവെന്നും, ചാത്തന്നൂരും കഴക്കൂട്ടത്തും അത് വ്യക്തമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ഫലങ്ങൾക്കു ശേഷവും സിപിഎം പാഠം പഠിക്കുന്നില്ലെന്നും മന്ത്രി പരിഹസിച്ചു.



