ഡൽഹി സന്ദർശനത്തിൽ സോണിയ രാഹുൽ കൂടിക്കാഴ്ച ഒഴിവാക്കി വിജയ് മടങ്ങി; രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ ശക്തം

ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഡൽഹി സന്ദർശനത്തിനിടെ കോൺഗ്രസ് ദേശീയ നേതാക്കളായ സോണിയ ഗാന്ധിയെയോ രാഹുൽ ഗാന്ധിയെയോ കാണാതെ മടങ്ങിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. കൂടിക്കാഴ്ച നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് നടന്നില്ല.
രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും വിജയ് കൂടിക്കാഴ്ച നടത്തുമെന്ന പ്രതീക്ഷയിൽ ഡൽഹിയിലെ സോണിയയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ഫ്ലക്സുകളും സ്ഥാപിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച രാവിലെ വിജയ് തമിഴ്നാട് ഭവനിൽ നിന്ന് നേരെ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു.
ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായും വിജയ് വികസന പദ്ധതികൾ സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന വികസനത്തിനായി കേന്ദ്ര സഹായം ഉറപ്പാക്കുന്നതിനാണ് ഈ ചർച്ചകൾ എന്ന വിലയിരുത്തലും ഉയരുന്നു.
കോൺഗ്രസ് പിന്തുണയോടെ തമിഴ്നാട്ടിൽ സർക്കാർ രൂപീകരിച്ചിട്ടുണ്ടെങ്കിലും, ദേശീയ തലത്തിൽ ഒരു സഖ്യകക്ഷി എന്ന നിലയിൽ മാത്രം ചുരുങ്ങാൻ വിജയ് താൽപര്യപ്പെടുന്നില്ലെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകർ ഉന്നയിക്കുന്നു. കേരളത്തിലെ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും അദ്ദേഹം നേരത്തെ പങ്കെടുക്കാതിരുന്നതും ഈ ചർച്ചകൾക്ക് ശക്തി നൽകുന്നു.
അതേസമയം, വിജയ് ഡൽഹിയിൽ നിന്ന് മടങ്ങിയത് സംബന്ധിച്ച് അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും, അടുത്ത ആഴ്ച വീണ്ടും ഡൽഹിയിൽ എത്തുമ്പോൾ സോണിയയെയും രാഹുലിനെയും കാണുമെന്നും കോൺഗ്രസ് എം.പി ക്രിസ്റ്റഫർ തിലക് പ്രതികരിച്ചു.



