മോദി വിജയ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സുരേഷ് ഗോപി; വികസന സഹകരണ സന്ദേശവുമായി പ്രതികരണം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്നെ വിളിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വികസനത്തിനായി ഒരേ മനസോടെ മുന്നോട്ട് പോകുമെന്ന് ഇരുവരും തമ്മിൽ ധാരണയായതായും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

സൗഹൃദം പങ്കുവെയ്ക്കലിനപ്പുറം രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ഉന്നമനവും ലക്ഷ്യമിട്ടുള്ള സഹകരണമാണ് ചർച്ചയായതെന്നും അദ്ദേഹം വ്യക്തമാക്കി. വിജയ്‌യുടെ ഭാവിയാത്രയ്‌ക്ക് ആശംസകളും സുരേഷ് ഗോപി അറിയിച്ചു.

ഇന്നലെയാണ് വിജയ് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. സേവാ തീർത്ഥിൽ നടന്ന 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയാണ് ശ്രദ്ധ നേടിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം വിജയ് നടത്തുന്ന ആദ്യ ഡൽഹി സന്ദർശനമാണിത്.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന് പകരം “തമിഴ് തായ് വാഴ്‌ത്ത്” ആലപിക്കാൻ അനുവദിക്കണമെന്ന ആവശ്യവും വിജയ് പ്രധാനമന്ത്രിയോട് ഉന്നയിച്ചതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ മേക്കെദാതു ഡാം പദ്ധതി തർക്കം, തമിഴ്‌നാട് മത്സ്യത്തൊഴിലാളികളുടെ സുരക്ഷാ പ്രശ്നം, ശ്രീലങ്കൻ നേവി അറസ്റ്റ് തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.

ചോള കാലഘട്ടത്തിലെ ചെമ്പോലകൾ നെതർലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചതിന് നന്ദി അറിയിച്ചുകൊണ്ടും വിജയ് പ്രധാനമന്ത്രിയെ അഭിനന്ദിച്ചതായും വിവരമുണ്ട്. ദേശീയ–സംസ്ഥാന ബന്ധങ്ങളിൽ സഹകരണ സാധ്യതകൾ വർധിക്കുന്ന സൂചനകളാണ് ഈ കൂടിക്കാഴ്ച നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button