കർണാടക രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു

ബംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണായക മാറ്റം. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചതോടെ സംസ്ഥാന ഭരണത്തിൽ പുതിയ അധ്യായത്തിന് വഴിയൊരുങ്ങുന്നു. കോൺഗ്രസ് ഹൈക്കമാൻഡിന് നൽകിയ ഉറപ്പ് പാലിച്ചാണ് രാജിയെന്നതാണ് പുറത്തുവരുന്ന വിവരം.

രണ്ടര വർഷത്തെ ഭരണകാലാവധി പൂർത്തിയാകുമ്പോൾ സ്ഥാനമൊഴിയാമെന്ന മുൻധാരണ പ്രകാരമാണ് തീരുമാനം. ഇതോടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന സൂചന ശക്തമായി.

ബംഗളൂരുവിലെ ഔദ്യോഗിക വസതിയായ ‘കാവേരി’യിൽ ഇന്ന് രാവിലെ നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ തീരുമാനം അറിയിച്ചത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാരായ എം.ബി. പാട്ടീൽ, സതീഷ് ജാർക്കിഹോളി, ജി. പരമേശ്വര, മധു ബംഗാരപ്പ, രാമലിംഗ റെഡ്ഡി, ചലുവരയസ്വാമി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ശേഷം പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എങ്കിലും ഡി.കെ. ശിവകുമാറിനായാണ് പാർട്ടിക്കുള്ളിൽ ശക്തമായ പിന്തുണയുള്ളതെന്നാണ് സൂചന.

ചൊവ്വാഴ്ച ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് നിർണായക തീരുമാനം ഉണ്ടായത്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് അധികാര കൈമാറ്റം സംബന്ധിച്ച ധാരണ നടപ്പാക്കുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button