ഇഡി ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണം; ഡിജിപിയോട് വിശദീകരണം തേടി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിന് പിന്നാലെ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ വിശദീകരണം നൽകാൻ ഡിജിപി റവാഡ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഉണ്ടായ വീഴ്ചയെ തുടർന്ന് ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു.

ഇന്റലിജൻസ് ഐജി പി. വിജയനും ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രനും യോഗത്തിൽ പങ്കെടുത്തു. ഇന്നലെയുണ്ടായ സംഭവം ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരും ഗവർണറും റിപ്പോർട്ട് തേടിയ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിന് മറുപടി നൽകേണ്ട ബാധ്യതയും നിലനിൽക്കുന്നു.

സംഭവത്തിൽ ഉണ്ടായ വീഴ്ചകൾ കണ്ടെത്തുന്നതും പൊലീസ് സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതും ഇന്നത്തെ ചർച്ചകളിൽ പ്രധാന വിഷയങ്ങളായി. മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. ഇന്നലെ തന്നെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ദീർഘനേരം സംസാരിച്ചിരുന്നുവെന്നാണ് വിവരം.

അതേസമയം, തിരുവനന്തപുരത്തെ ഇഡി പരിശോധനയെക്കുറിച്ച് മുൻകൂർ വിവരം ലഭിച്ചിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. പൊലീസിനെയോ ആഭ്യന്തര വകുപ്പിനെയോ ഇഡി മുൻകൂട്ടി അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം ആസൂത്രിതമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആളുകൾ കൂടിയ സാഹചര്യത്തിൽ ക്രമസമാധാന പാലനത്തിനായി പൊലീസ് ഇടപെട്ടുവെന്നും പൊലീസിന് സംഭവത്തിൽ വീഴ്ചയില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

“മുൻകൂട്ടി വിവരം നൽകിയിരുന്നെങ്കിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാനായേനേ. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല. സമാധാനപരമായ പ്രതിഷേധങ്ങൾക്കു സർക്കാർ എതിരല്ല,” എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button