‘അമ്മ’യിൽ ചേരിപ്പോര് രൂക്ഷം; നാല് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കം രൂക്ഷമാകുന്നതിനിടെ നാല് അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി സംഘടനാ നേതൃത്വം. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം.

ടിനി ടോമിനെതിരെ ഉൾപ്പെടെ ഉയർന്ന പരാതികളുമായി ബന്ധപ്പെട്ട് അൻസിബയെ കേൾക്കാൻ ‘അമ്മ’ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ജൂൺ ആദ്യവാരം നേരിട്ടെത്താൻ അൻസിബയോട് സംഘടന ആവശ്യപ്പെട്ടതായാണ് വിവരം. സംഘടനയ്ക്കുള്ളിലെ തർക്കം കൂടുതൽ വഷളായ സാഹചര്യത്തിലാണ് പരാതിക്കാരിയെ കേട്ട് പ്രശ്നപരിഹാരത്തിന് ശ്രമം ആരംഭിച്ചിരിക്കുന്നത്.

എന്നാൽ നിലവിലെ നേതൃത്വത്തിന് മുന്നിൽ ഹാജരാകില്ലെന്ന നിലപാടിലാണ് അൻസിബ. പരാതികൾ പരിശോധിക്കാൻ നിഷ്പക്ഷ സമിതി വേണമെന്നാണ് അവരുടെ ആവശ്യം. രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവർ ഉൾപ്പെട്ട സമിതി രൂപീകരിക്കണമെന്നുമാണ് അൻസിബ ആവശ്യപ്പെടുന്നത്.

സമിതിക്ക് മുന്നിൽ നൽകുന്ന മൊഴികൾ വീഡിയോ റെക്കോർഡ് ചെയ്യണമെന്നും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 21-നാണ് ‘അമ്മ’യുടെ ജനറൽ ബോഡി യോഗം നടക്കുന്നത്. യോഗത്തിന് മുൻപ് നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്വേത മേനോൻ പ്രസിഡന്റായ ഭരണസമിതിയുടെ ശ്രമം.

സംഘടനയിലെ തർക്കം പൊലീസ് കേസിലേക്കോ കൂടുതൽ വിവാദങ്ങളിലേക്കോ നീങ്ങുന്നത് തടയാൻ നേതൃത്വം ഇടപെടാനിടയുണ്ടെന്നാണ് സൂചന. സംഘടനയിൽ വിശ്വാസം നഷ്ടപ്പെട്ടതായും ടിനി ടോമിനെതിരെ ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്നും അൻസിബ നേരത്തെ വ്യക്തമാക്കിയിരുന്നു.

‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെക്കാൻ കാരണക്കാരൻ ടിനി ടോം ആണെന്നായിരുന്നു അൻസിബയുടെ ആരോപണം. തന്നെക്കുറിച്ച് മോശം പ്രചാരണം നടത്തിയെന്നും ‘ജിഹാദി’ എന്ന് വിളിച്ചുവെന്നുമാണ് ടിനി ടോമിനെതിരെ അൻസിബ ഉന്നയിച്ച ഗുരുതര ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button