യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് വമ്പൻ ഓഫർ; എയർ ഇന്ത്യ എക്‌സ്‌പ്രസ് ടിക്കറ്റിന് 50% വരെ ഇളവ്

ദുബായ്: ഇന്ത്യയിലേക്കും മറ്റ് അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യാനൊരുങ്ങുന്ന യുഎഇയിലെ പ്രവാസികൾക്കും മറ്റ് യാത്രക്കാർക്കും വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്. തെരഞ്ഞെടുക്കപ്പെട്ട ടിക്കറ്റുകളിൽ 50 ശതമാനം വരെ ഇളവാണ് വിമാനക്കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
‘എക്‌സ്‌പ്രസ് സെയിൽ’ ഓഫറിന്റെ ഭാഗമായി ആദ്യമായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന അഞ്ച് ദശലക്ഷം യാത്രക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ജൂൺ 15 മുതൽ ഒക്‌ടോബർ 10 വരെ നടത്തുന്ന ആഭ്യന്തര-അന്തർദേശീയ യാത്രകൾക്കാണ് ഓഫർ ബാധകമാകുക. മേയ് 27 മുതൽ മേയ് 31 വരെ നടക്കുന്ന സെയിൽ കാലയളവിലാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.
ചെക്ക്-ഇൻ ബാഗേജ് ഇല്ലാത്ത കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്കും ഇളവ് ലഭിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് അറിയിച്ചു. വിമാനക്കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കൺവീനിയൻസ് ഫീസും ഈടാക്കില്ല.
അതേസമയം, ടാറ്റ ന്യൂപാസ് അംഗങ്ങൾക്ക് ബിസിനസ് ക്ലാസ് ടിക്കറ്റുകളിൽ 20 ശതമാനം വരെ കിഴിവും ലഭിക്കും. മുൻഗണനാ സേവനങ്ങൾ, സൗജന്യ ഭക്ഷണം, അധിക ബാഗേജ് അലവൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഇവർക്കായി ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
ഇതിനൊപ്പം പണമടച്ച് ലഭ്യമാകുന്ന മറ്റ് ആഡ്-ഓൺ സേവനങ്ങളും യാത്രക്കാർക്ക് തിരഞ്ഞെടുക്കാം. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഭക്ഷണങ്ങൾക്ക് 30 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, വിരമിച്ച സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് അറിയിച്ചു.



